എക്സൈസ് കമ്മീഷണറുടെ ‘എസ്കോർട്ട്’ നിർദേശം തള്ളി മന്ത്രി വി. ശിവൻകുട്ടി

'പ്രോട്ടോക്കോൾ തീരുമാനിക്കുന്നത് സർക്കാരാണ്'

തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് വകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധമായും എസ്കോർട്ട് പോകണമെന്ന എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറിന്റെ വിവാദ നിർദേശത്തെ തള്ളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോൾ നിശ്ചയിക്കേണ്ടത് സർക്കാരാണെന്നും ഏതെങ്കിലും ഉദ്യോഗസ്ഥനല്ലെന്നും മന്ത്രി വ്യക്തമാക്കി.
​ഇന്നലെ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എക്സൈസ് കമ്മീഷണർ വിചിത്രമായ ഈ നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ, നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് ഈ നീക്കമെന്ന സൂചന നൽകിക്കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോൾ സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാരാണ്. അത് ഉദ്യോഗസ്ഥർ സ്വയം തീരുമാനിക്കേണ്ട ഒന്നല്ല,
സംസ്ഥാനത്ത് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും കൃത്യമായ സുരക്ഷാ പ്രോട്ടോക്കോൾ നിലവിലുണ്ട്. ആ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിലവിൽ കാര്യങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവാദ നിർദേശം ഇങ്ങനെ:

എക്സൈസ് മന്ത്രി ജില്ലകളിൽ എത്തുമ്പോൾ എക്സൈസ് ഉദ്യോഗസ്ഥരും ഔദ്യോഗിക വാഹനവും അകമ്പടി (എസ്കോർട്ട്) പോകണമെന്നായിരുന്നു കമ്മീഷണറുടെ നിർദേശം. മന്ത്രി ഹോട്ടലുകളിലോ ഗസ്റ്റ് ഹൗസുകളിലോ താമസിക്കുമ്പോൾ ഉദ്യോഗസ്ഥരും വാഹനവും അവിടെ ഉണ്ടാകണമെന്നും കമ്മീഷണർ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
​സാധാരണഗതിയിൽ പോലീസാണ് മന്ത്രിമാരുടെ സുരക്ഷയും പൈലറ്റ്/എസ്കോർട്ട് ഡ്യൂട്ടികളും നിർവഹിക്കുന്നത്. ഇതിനിടെ സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ ഇത്തരം ഡ്യൂട്ടികൾക്കായി നിയോഗിക്കാനുള്ള കമ്മീഷണറുടെ നീക്കം ഭരണവൃത്തങ്ങളിലും ഉദ്യോഗസ്ഥർക്കിടയിലും ചർച്ചയായിരിക്കുകയാണ്.