തിരുവനന്തപുരം: രേഖകൾ തിരുത്തിയും വ്യാജരേഖകൾ ചമച്ചും ലോട്ടറി ക്ഷേമനിധി ബോർഡിൽനിന്ന് 14 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയായ എൽഡി ക്ലാർക്കും കൂട്ടാളിയും വിജിലൻസ് പിടിയിലായി. ആറ്റിങ്ങൽ മാമം സ്വദേശി കെ. സംഗീത്, വഴുതക്കാട് സ്വദേശി അനിൽകുമാർ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഈ മാസം 30 വരെ കോടതി റിമാൻഡ് ചെയ്തു.
സംഗീതിന്റെ സഹോദരനും ഡെന്റൽ ഡോക്ടറുമായ കെ. സമ്പത്തിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. തട്ടിയെടുത്ത തുക അനിൽകുമാറിന്റെയും സമ്പത്തിന്റെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരുന്നത്.
തട്ടിപ്പ് നടന്നത് ഇങ്ങനെ:
2014 മുതൽ 2020 വരെ ലോട്ടറി ക്ഷേമനിധി ബോർഡിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്ന കാലയളവിലാണ് സംഗീത് വൻതോതിൽ ക്രമക്കേട് നടത്തിയത്.
മേലുദ്യോഗസ്ഥരുടെ വിശ്വാസ്യത പിടിച്ചുപറ്റി രേഖകളെല്ലാം സംഗീത് തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്.ഉന്നത ഉദ്യോഗസ്ഥരുടെ ഒപ്പുകൾ വ്യാജമായി ഇട്ടും വ്യാജ രേഖകൾ സൃഷ്ടിച്ചുമാണ് പണം തട്ടിയത്.തട്ടിയെടുത്ത പണം ഉപയോഗിച്ച് സംഗീത് 36 തവണ ഭൂമിയിടപാടുകൾ നടത്തിയതായി വിജിലൻസ് കണ്ടെത്തി. ഇതിൽ 29 ഇടങ്ങളിലെ തുടർ ഇടപാടുകൾ മരവിപ്പിച്ചു.
പിടിക്കപ്പെടാതിരിക്കാൻ ‘രോഗാഭിനയം‘
അന്വേഷണം ആരംഭിച്ചതോടെ അധികൃതരെ തെറ്റിദ്ധരിപ്പിക്കാൻ സംഗീത് വിവിധ തന്ത്രങ്ങൾ പയറ്റി. തനിക്ക് കാൻസർ ആണെന്ന് ആദ്യം വ്യാജ പ്രചാരണം നടത്തി. ഇത് പൊളിഞ്ഞതോടെ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കാട്ടി വിവിധ ആശുപത്രികളിൽ മാറി മാറി ചികിത്സ തേടി. താൻ തട്ടിയെടുത്ത പണം കത്തിച്ചുകളഞ്ഞെന്നാണ് ഇയാൾ നിലവിൽ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
അന്വേഷണം വ്യാപിപ്പിക്കുന്നു
ലോട്ടറി ക്ഷേമനിധി ബോർഡിന് പുറമെ ലോട്ടറി ഡയറക്ടറേറ്റിലും സമാനമായ രീതിയിൽ സംഗീത് പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ മ്യൂസിയം പൊലീസ് പ്രത്യേക കേസെടുത്തു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് വിജിലൻസ് മറ്റൊരു കേസുകൂടി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്ഷേമനിധി ബോർഡിൽ ഇതേ കാലയളവിൽ ജോലി ചെയ്തിരുന്ന മറ്റ് ഉദ്യോഗസ്ഥരെയും വിജിലൻസ് ചോദ്യം ചെയ്തു വരികയാണ്.