പാലക്കാട് : അട്ടപ്പാടിയിൽ 116 കിലോയിലധികം കഞ്ചാവുമായി നാല് പേർ എക്സൈസ് പിടിയിൽ.
കോഴിക്കോട് താമരശേരി സ്വദേശികളായ അൻവർ (33 വയസ്സ് ), ഷമീർ (36 വയസ്സ് ), അട്ടപ്പാടി സ്വദേശികളായ മുഹമ്മദ് ഹാഷിഫ് (21 വയസ്സ് ), ആദർശ് (19 വയസ്സ് ) എന്നിരാണ് പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനങ്ങളും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. അന്യസംസ്ഥാനങ്ങളിൽ നിന്ന് വലിയ തോതിൽ കഞ്ചാവ് കൊണ്ടുവന്നു കേരളത്തിൽ വിറ്റഴിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവർ. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഇരുപത് ലക്ഷം രൂപയിലധികം വില വരും.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് തലവൻ അസി.എക്സൈസ് കമ്മീഷണർ ടി അനികുമാറിന്റെ നിർദ്ദേശാനുസരണം സ്ക്വാഡ് അംഗമായ മുഹമ്മദാലി നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബി ആദർശിൻ്റെ നേത്യത്വത്തിൽ വൻ കഞ്ചാവ് വേട്ട നടത്തിയത്.
പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് , പ്രിവന്റ്റ്റീവ് ഓഫീസർമാരായ രാജു, വിനോദ്, ശ്യാംജിത്ത്, പ്രവീൺ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിനേഷ്, ഭോജൻ, പ്രവീൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ലിജിത എന്നിവരുണ്ടായിരുന്നു.