സ്ഥിരംകുറ്റവാളിയെ കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കി.

കൊല്ലം : നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തൃക്കടവൂര്‍ മുരുന്തല്‍ കുമാരി മന്ദിരം വീട്ടില്‍ വാടകയ്ക്ക് താമസിച്ച് വരുന്ന ബാബു മകന്‍ ബിനു(44) ആണ് കാപ്പാ നിയമപ്രകാരം തടവിലായത്. 2019 മുതല്‍ ഇതുവരെ അഞ്ച് ക്രിമിനല്‍ കേസുകളില്‍ ആണ് ഇയാള്‍ പ്രതിയായിട്ടുള്ളത്. ഇതില്‍ ‘വിചാരണയില്‍ ഇരിക്കുന്ന’ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ നാല് കേസുകളും, ‘അന്വേഷണത്തില്‍ ഇരിക്കുന്ന’ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ ഒരു കേസും ഉള്‍പ്പെടുന്നു. ഇയാള്‍ വ്യക്തികള്‍ക്ക് നേരെയുള്ള കൈയ്യേറ്റം, കവര്‍ച്ച, മോഷണം എന്നീ ഗുരുതര കുറ്റകൃത്യങ്ങളിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ എൻ. ദേവിദാസ് ഐ .എ.എസ്സ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവിട്ടത് . അഞ്ചാലുംമൂട് പോലീസ് ഇന്‍സ്പെക്ടര്‍ ധര്‍മ്മജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യ്ത് കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ഈ വര്‍ഷം കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലേക്ക് അയക്കുന്ന നാല്‍പ്പത്തി നാലാമത്തെ കുറ്റവാളിയാണ് ബിനു. ഇനിയും സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐ.പി.എസ് അറിയിച്ചു.