കോഴിക്കോട്:വടകര റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറായിരുന്ന കെ.ഹരീന്ദ്രനെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് കോഴിക്കോട് വിജിലൻസ് കോടതി ഒരുവർഷംതടവിനും 37.5 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
1989 ജനുവരി മുതൽ 2005 ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റിന്റെ വിവിധ ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിങ്ങനെ ജോലി ചെയ്തിരുന്ന കെ.ഹരീന്ദ്രൻ ഈ കാലയളവിൽ അനധികൃതമായി 38 ലക്ഷത്തിലധികം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ മുൻ പോലീസ് സൂപ്രണ്ട് കെ സുബൈർ രജിസ്റ്റർ ചെയ്ത്, വിജിലൻസ് സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പിമാരായായിരുന്ന ഐ.മുഹമ്മദ് അസ്ലാം,കെ മധുസൂദനൻ റ്റി.ഉണ്ണികൃഷ്ണൻ എന്നിവർ അന്വേഷണം നടത്തി,കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ മുൻ പോലീസ് സൂപ്രണ്ട് ശ്രീസുകൻ ഐ.പി.എസ്. കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് ഒരു വർഷം തടവിനും 37.5 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പ്രതിയായ കെ.ഹരീന്ദ്രനെ ശിക്ഷിച്ചത്. ഹരീന്ദ്രൻ തന്റെ കുടുംബാംഗങ്ങളുടെ പേരിൽ ബിനാമിയായി സമ്പാദിച്ച 8 ഏക്കർ 87 സെന്റ് സ്ഥലവും ഒരു ഇരു നില വീടും സർക്കാരിലേക്ക് കണ്ടുകെട്ടി.