മാരക ലഹരി ഗുളികളുമായി യുവാവ് എക്സൈസ് പിടിയിൽ 

കൊല്ലം: മാരക ലഹരി ഗുളികളുമായി യുവാവ് എക്സൈസ് പിടിയിൽ. 27.148 ഗ്രാം നൈട്രെസെപ്പാം, 380 എണ്ണം ടൈഡോൾ എന്നിവയുമായി കൊല്ലം മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം പുതുവൽ പുരയിടത്തിൽ രാജീവാണ് (39) പിടിയിലായത്.
ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി മരുന്നുകൾ വിൽക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ ടീമിന്റെ  നിരീക്ഷണത്തിൽ ആയിരുന്നു രാജീവ്.
രണ്ട് രൂപയിൽ താഴെ മാത്രം വിലവരുന്ന ഗുളിക ഒന്നിന് 900 രൂപ വരെയാണ് ആവശ്യക്കാരിൽ നിന്നും പ്രതി ഈടാക്കിയിരുന്നത്.
മാനസികാസ്വാസ്ഥ്യം  പ്രകടിപ്പിക്കുന്നവരിൽ ഉണ്ടാകുന്ന ഉറക്കം ഇല്ലായ്മയ്ക്ക് മാനസികാരോഗ്യ വിദഗ്ധർ നിർദേശിക്കുന്ന ഗുളികയാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്ത നൈട്രാസെപാം  . അതികഠിനമായ വേദനകൾക്കും ക്യാൻസർ ചികിത്സകൾക്കും ഉപയോഗിക്കുന്നതാണ് ടൈഡോൾ. ഈ ഗുളികകൾ വെള്ളത്തിൽ ലയിപ്പിച്ച ശേഷം സിറിഞ്ചിൽ നിറച്ചാണ്  ശരീരത്തിൽ കുത്തിവയ്ക്കുന്നത്.  പ്രതിക്ക് ഗുളികകൾ എത്തിച്ചവരെക്കുറിച്ച് വിവരം ലഭിച്ചതായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കർ പറഞ്ഞു.
അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷഹാലുദീൻ, ബിനുലാൽ, ഗ്രേഡ് പ്രിവന്റ് ഓഫീസർമാരായ   ജ്യോതി ,അനീഷ്,നാസർ സിവിൽ എക്സൈസ് ഓഫീസർമാരായ,   ആസിഫ് അഹമ്മദ്, ഗോകുൽ ഗോപൻ ,എസ്. സാലിം , വനിതാ സിവിൽ എക്സൈസ് ഓഫീസർ  രാജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ  വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.