‘മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണം’- കത്തയച്ച് കൊടിക്കുന്നിൽ സുരേഷ്
കൊല്ലം: ബെംഗളൂരു സ്ഫോടനക്കേസിൽ വിചാരണ തടവുകാരനായി അബ്ദുൾ നാസിർ മഅ്ദനിയുടെ ആരോഗ്യ നില സംബന്ധിച്ച വിഷയത്തിൽ രാഷ്ട്രപതി ഇടപ്പെടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. വർഷങ്ങളായി ബംഗളൂരു ജയിലിൽ തടവിൽ കഴിയുന്ന പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൾ നാസിർ മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായ സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെടണമെന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടത്.
രാഷ്ട്രപതി ഭവനിലേക്ക് ഇതിനെ തുടർന്ന് അദ്ദേഹം ഇ-മെയിൽ സന്ദേശമയക്കുകയും ചെയ്തു. ‘മഅ്ദനിക്കെതിരായ കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ വർഷങ്ങൾ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. കേസിന്റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കുന്ന കാര്യത്തിൽ കർണാടക സർക്കാർ മനഃപൂർവമായ അനാസ്ഥയാണ് കാട്ടുന്നത്.
എത്രയുംവേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തിമവിധി പുറപ്പെടുവിക്കുന്നതിന് പകരം ജീവിതകാലം മുഴുവൻ ജയിലിലിട്ട് പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്.’, കൊടിക്കുന്നിൽ പറഞ്ഞു. അതേസമയം കോൺഗ്രസ് സർക്കാരിന്റെ കാലത്തും സിദ്ധരാമയ്യ അബ്ദുൾ നാസിർ മഅ്ദനിയുടെ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് മറക്കരുതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.