തിരുവനന്തപുരം : പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ എംപിമാരുടെ യോഗം വിളിച്ചു. ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ മന്ത്രിമാരും പ്രധാന ഉദ്യോഗസ്ഥരും പങ്കാളികളായി. കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും കേന്ദ്ര ഇടപെടൽ വേണ്ട മറ്റ് കാര്യങ്ങളും യോഗത്തിൽ പ്രധാന ചർച്ചയായി.
കേരളത്തിനാവകാശപ്പെട്ട വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയിൽ നിന്നും കേന്ദ്രം പിന്മാറേണ്ടതുണ്ടെന്നതാണ് യോഗം ചർച്ച ചെയ്ത പ്രധാന അജണ്ട. ഈ സാഹചര്യത്തിൽ 15 ആം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം കേരളത്തിന്റെ വായ്പാപരിധി ഉയർത്താനായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാരെ സന്ദർശിക്കാൻ യോഗത്തിൽ ഏകകണ്ഠമായി അഭിപ്രായമുയർന്നു. ഇതോടൊപ്പം സംസ്ഥാനത്തിനാവകാശപ്പെട്ട റവന്യു സബ്സിഡി ഒഴിവാക്കിയതും ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതും കുടിശ്ശികയായ നഷ്ടപരിഹാരം തന്നുതീർക്കാത്തതുമെല്ലാം കേന്ദ്ര മന്ത്രാലയങ്ങളെയും പാർലമെന്റിലും അറിയിക്കണമെന്നും യോഗം തീരുമാനിച്ചു.