യൂത്ത് കോൺഗ്രസിന്റെ വ്യാജ വോട്ടേഴ്‌സ് ഐ ഡി കാർഡ് നിർമ്മാണം : അന്വേഷണം പ്രത്യേക സംഘത്തിന്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ രേഖാ വിവാദം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. മ്യൂസിയം എസ്‌.എച്ച്.ഒ.യക്കാണ് അന്വേഷണത്തിൻ്റെ ചുമതല. സൈബർ പോലീസ് ഉൾപ്പെടെ എട്ട് അംഗങ്ങൾ അന്വേഷണ സംഘത്തിലുണ്ട്. തിരുവനന്തപുരം ഡി.സി.പി. നിധിൻരാജും കന്റോൺമെന്റ് എ.സി.യും അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.തിരഞ്ഞെടുപ്പിൽ പങ്കെടുത്തവരുടെയും സ്ഥാനാർഥികളുടെയും മൊഴിയെടുക്കും. മൊബൈൽ ആപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ഡി.സി.പി. അറിയിച്ചു. റിപ്പോർട്ടുകൾ നിശ്ചിതസമയത്തിനകംതന്നെ നൽകും. മൊബൈൽ ആപ്ലിക്കേഷൻ എന്ത് ലക്ഷ്യം വെച്ചാണ് നിർമിച്ചതെന്ന് അന്വേഷിക്കും. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഡി.സി.പി. അറിയിച്ചു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ക്രമക്കേടുകാട്ടാൻ ഇലക്ഷൻ കമ്മിഷൻ്റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. യൂത്ത് കോൺഗ്രസ് അംഗത്വത്തിന് സ്വീകരിച്ചിരുന്ന അടിസ്ഥാന രേഖകളിലൊന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡായിരുന്നു. ഫോട്ടോ നൽകിയാൽ വ്യാജ വോട്ടർ കാർഡ് നിർമിച്ചുനൽകുന്ന മൊബൈൽ ആപ്പും ഇതിനായി ഉപയോഗിച്ചു. ഇതിലൂടെ ചില
സ്ഥാനാർഥികൾ ജയിച്ചെന്നാണ് പരാതി.