ഗവൺമെന്റ് കോളേജിൽ ദുരിത ജീവിതം:വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

കരുനാഗപ്പള്ളി : കൊല്ലം ജില്ലയിലെ രണ്ട് ഗവൺമെന്റ് കോളേജുകളിൽ ഒന്നായ തഴവ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ  അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത്.
കോളേജ് പ്രവർത്തിക്കുന്ന താത്ക്കാലിക കെട്ടിടത്തിൽ മതിയായ ക്ലാസ്സ് റൂമുകളോ, വെളിച്ച സൗകര്യമോ ബോർഡോ ഇല്ല, കൂടാതെ മഴ പെയ്താൽ ഓരോ ക്ലാസ്സ്‌ മുറികളും വെള്ളകെട്ടുകളാണ്. രണ്ട് നിലകളുള്ള കെട്ടിടത്തിൽ ക്ലാസ്സ്‌ മുറികൾ കുറവായതിനാൽ ടെറസിൽ ഷീറ്റിട്ടുകൊണ്ട് ക്ലാസുകളായി ക്രമീകരിച്ചിട്ടാണ് ക്ലാസുകൾ നടത്തുന്നതെന്നും  ഒരു കാലാവസ്ഥയിലും അവിടെ ക്ലാസ്സ്‌ നടത്താൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും കോളേജിന്  മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി കൊണ്ട് വിദ്യാർത്ഥികൾ പറഞ്ഞു.

വേനൽക്കാലത്തെ അസഹ്യമായ ചൂടിൽ വിദ്യാർത്ഥികൾക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായും അവർ ആരോപിച്ചു.
അമിതമായ ചൂടിൽ വിദ്യാർഥികൾക്ക് ക്ലാസിൽ ശ്രദ്ധിക്കുവാനോ അധ്യാപകർക്ക് കൃത്യമായി ക്ലാസ് എടുക്കാനോ കഴിയുന്നില്ല. കോളേജ് താൽക്കാലികമായി പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്ന് ഷീറ്റിട്ട മറ്റൊരു കെട്ടിടമുണ്ട്. അവിടെ വച്ചാണ് യൂണിവേഴ്സിറ്റി പരീക്ഷകൾ നടത്താറുള്ളത്. വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ യോഗ്യമായ രണ്ട് ശൗചാലയങ്ങൾ മാത്രമേ കോളേജിലുള്ളൂ. മുന്നൂറോളം വിദ്യാർത്ഥികൾക്ക് ഈ രണ്ടു ശൗചാലയങ്ങൾ മാത്രമാണ് ആശ്രയം. കൊല്ലം,തിരുവനന്തപുരംകൂടാതെ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നും ധാരാളം കുട്ടികൾ ഈ കോളേജിൽ പഠിക്കുന്നു.എന്നാൽ ഗവൺമെന്റ് കൃത്യമായ താമസസൗകര്യം ഒരുക്കിയിട്ടില്ല.
മെയിൻ റോഡിൽ നിന്നും 4,5 കിലോമീറ്റർ ഉള്ളിലാണ് കോളേജ് സ്ഥിതിചെയ്യുന്നത്. കോളേജിലേക്ക് എത്തിച്ചേരുവാനായി വിദ്യാർത്ഥികൾക്ക് മതിയായ യാത്ര സൗകര്യം  തന്നെയില്ല. വിദ്യാർത്ഥികൾക്ക് ടൗണിൽ നിന്ന് കോളേജിലേക്ക് എത്തുവാനായി ആകെയുള്ള ഗതാഗത മാർഗ്ഗം രാവിലെ 9 മണിയ്ക്ക് കായംകുളത്ത് നിന്ന് പാവുമ്പയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ് ആണ്.

വിദ്യാർത്ഥികൾ നിരവധി തവണ   ആർ. ടി. ഒ ഓഫീസിൽ കയറി ഇറങ്ങിയതിന്റെ ഫലമായിട്ടാണ്‌ ഈ ബസ് സൗകര്യം ലഭ്യമായത്. കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ ബി എ സോഷ്യോളജി ഈ കോളേജ് ഉൾപ്പെടെ രണ്ട് ഗവൺമെന്റ് കോളേജുകളിൽ മാത്രമാണ് ഉള്ളത്. എന്നാൽ മെറിറ്റിൽ അഡ്മിഷൻ ലഭിച്ചുവരുന്നാ പല കുട്ടികളും കോളേജിന്റെ അടിസ്ഥാന സൗകര്യമില്ലായ്മ കണ്ട് ഉപേക്ഷിച്ച് പോകുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു.

ജിതേഷ് കരുനാഗപ്പള്ളി