ആരാണ് പൗരപ്രമുഖൻ ; പൗര പ്രമുഖന്റെ യോഗ്യത എന്ത് : വിവരാവകാശ ചോദ്യവുമായി വാർഡ് മെമ്പർ

കൊല്ലം / കുമ്മിൽ : ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഒരു പൗരൻ കേരളത്തിൽ ജീവിക്കുമ്പോൾ
പൗരപ്രമുഖൻ ആകുന്നതിന് എവിടെയാണ് അപേക്ഷിക്കേണ്ടത്?
പൗരപ്രമുഖൻ ആകുന്നതിന് ആവശ്യമായ  യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്. കുമ്മിൾ പഞ്ചായത്തിലെ ആറാം വാർഡ് മെമ്പർ ഷമീർ ആണ്  ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് വിവരാവകാശം ചോദിച്ചുകൊണ്ട് ഇങ്ങനെ ഒരപേക്ഷ നൽകിയത്. അങ്ങനെ ഒരു വിവരാവകാശം  എന്തിനാണെന്ന് കേരളത്തിലെ ഒരുവിധപ്പെട്ടവർക്കൊക്കെ മനസ്സിലായിക്കാണും.

ആരാണ് പൗരപ്രമുഖൻ ? നവ കേരള സദസ്സ് യാത്ര ആരംഭിച്ചതു മുതൽ കേൾക്കാൻ തുടങ്ങിയതാണ് പൗര പ്രമുഖർ എന്ന വാക്ക്. പണ്ട് പഴയ ചില മാടമ്പി ചലച്ചിത്രങ്ങളിലൊക്കെ കേട്ട് പരിചിതമുള്ള വാക്കാണ് പൗരപ്രമുഖൻ,  വീണ്ടും ആ പേര് ന്യൂജനറേഷൻ തലമുറയിലേക്ക്   ഇട്ടുകൊടുത്തത് നവ കേരള സദസ്സ് യാത്ര തന്നെയെന്ന് നമ്മുക്ക് നിസംശയം പറയാം.
യാത്ര തുടങ്ങിയ നാൾ മുതൽ കേൾക്കുന്നതാണ് പൗരപ്രമുഖരുമായുള്ള മന്ത്രിമാരുടെ ചർച്ച.  എന്നാൽ അന്ന് മുതൽ ഭാഷാ പണ്ഡിതന്മാരുടെയും പൊതുജനങ്ങളുടെയും സംശയമായിരുന്നു ആരാണ് പൗരപ്രമുഖൻ എന്നുള്ളത്.  ആ സംശയത്തിനുള്ള മറുപടിക്ക് വേണ്ടിയാണ് കുമ്മിൾ പഞ്ചായത്ത് മെമ്പർ ഇങ്ങനെ ഒരു വിവരാവകാശം ചോദിച്ചിരിക്കുന്നത്. എന്തുതന്നെയായാലും
മറുപടി കിട്ടുമോ ഇല്ലയോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.