തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും. തേക്കിൻകാട് മൈതാനം ചുറ്റി അദ്ദേഹത്തിന്റെ റോഡ് ഷോയ്ക്ക് ശേഷം രണ്ടുലക്ഷം മഹിളകൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ മോദി സംസാരിക്കും.
പ്രമുഖ സംരംഭക ബീന കണ്ണൻ, മറിയക്കുട്ടി തുടങ്ങിയ സ്ത്രീരത്നങ്ങൾ പ്രധാനമന്ത്രിയോടൊപ്പം വേദിയിൽ ഉണ്ടാകും. പുരുഷന്മാർക്ക് സമ്മേളന നഗരിയിലേക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് സംഘാടകർ അറിയിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അതീവസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലുമായി മൂവായിരത്തിലധികം പൊലീസുകാരെയാണ് വിന്യസിക്കുക.
പ്രധാനമന്ത്രിയെ വരവേൽക്കാനുളള മുന്നൊരുക്കത്തിന്റെ ഭാഗമായി തൃശൂരും പാലക്കാടും മെഗാ തിരുവാതിര സംഘടിപ്പിച്ചിരുന്നു. പ്രായവ്യത്യാസമില്ലാതെയാണ് നൂറുകണക്കിന് വനിതകൾ ക്ഷേത്രമൈതാനത്ത് തിരുവാതിര പാട്ടിനൊപ്പം ചുവടുവെച്ചത്. പച്ച ബ്ലൗസും കസവ് സാരിയുമായിരുന്നു എല്ലാവരുടെയും വേഷം.