സംസ്ഥാനത്തെ ആദ്യ ഹോമിയോ ഡി-അഡിക്ഷൻ സെന്റർ കരുനാഗപ്പള്ളിയിൽ

കരുനാഗപ്പള്ളി : സംസ്ഥാനത്തെ ആദ്യ ഹോമിയോ ഡി-അഡിക്ഷൻ സെന്റർ കരുനാഗപ്പള്ളിയിൽ ഒരുങ്ങുന്നു. നഗരസഭയിലെ മൂന്നാം ഡിവിഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഹോമിയോ ആശുപത്രിയോട് അനുബന്ധിച്ചാണ് സെൻ്റർ തുടങ്ങുക. ഇവിടെ സെൻ്റർ ആരംഭിക്കുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഉൾപ്പെടെ ഉള്ളവ സംബന്ധിച്ച പ്രാഥമിക പരിശോധനയ്ക്കായി എക്സൈസ് ആരോഗ്യവകുപ്പ് അധികൃതർ സംയുക്ത പരിശോധന നടത്തി. ഹോമിയോ താലൂക്ക് ആശുപത്രിയിൽ സെൻ്റർ തുടങ്ങുന്നതിന് ആവശ്യമായ മതിയായ സൗകര്യങ്ങൾ ഉണ്ടെന്ന് സംഘം വിലയിരുത്തി.
മദ്യവും മയക്കുമരുന്നും ഉൾപ്പടെയുള്ളവയ്ക്ക് അടിമപ്പെടുന്നവരെ ഹോമിയോ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. നിലവിൽ ജില്ലയിൽ പരവൂരിലെ നെടുങ്ങോലത്ത് മാത്രമാണ് അലോപ്പതി മേഖലയിൽ സർക്കാർ തലത്തിൽ ഡി- അഡിക്ഷൻ സെന്റർ പ്രവർത്തിച്ചു വരുന്നത്. എന്നാൽ ഹോമിയോ ചികിത്സാരംഗത്തും ‘പുനർജനി ‘ എന്ന പേരിൽ പദ്ധതി ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ ഹോമിയോ ഡി അഡിക്ഷൻ സെന്ററാവും കരുനാഗപ്പള്ളി

ജിതേഷ് കരുനാഗപ്പള്ളി