തിരുവനന്തപുരം : സെക്രട്ടറിയേറ്റ് ആക്രമണ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മൂന്നിൽ ഹാജരാക്കിയ രാഹുലിനെ ഈ മാസം 22 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
അനുമതിയില്ലാത്ത സമരം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിനെ തുടർന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിവിധ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.
പ്രതിഷേധത്തിൽ പങ്കെടുത്ത ജില്ലാ സംസ്ഥാന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ടുതവണ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചികിത്സയിലായിരുന്നുവെന്നും രാഹുൽ കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു വീണ്ടും മെഡിക്കല്‍ പരിശോധന നടത്താൻ നിര്‍ദേശം നൽകിയത്. വൈദ്യ പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്നാണ് റിപ്പോർട്ട്.
അതേസമയം പോലീസ് വകുപ്പിന്റെ ഇരട്ടത്താപ്പാണ് രാഹുലിന്റെ അറസ്റ്റിലൂടെ വ്യക്തമായിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടും തുടർ ഉണ്ടായില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സിപിഎം പ്രവർത്തകർക്കെതിരെയും നിസാര വകുപ്പുകൾ ആണ് ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു