വിജിലൻസ് പിടിയിലായ തഹസിൽദാറിനെ റിമാൻഡ് ചെയ്തു

പാലക്കാട്‌ : കൈക്കൂലി വാങ്ങുന്നതിനിടെ  പിടിയിലായ തഹസിൽദാർ റിമാൻഡിൽ. പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ വി. സുധാകരനെയാണ് തൃശൂർ   വിജിലൻസ് കോടതി ഫെബ്രുവരി മൂന്ന് വരെ റിമാൻഡ് ചെയ്തത്.

പാലക്കാട് സ്വദേശി ഐസക്കിന്റെ കഞ്ചിക്കോട്ടെ ഷോപ്പിംഗ് മാളിന്റെ കൈവശാവകാശ രേഖ ശരിയാക്കി നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് തഹസിൽദാർ കഴിഞ്ഞദിവസം പിടിയിലായത്.
ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടായിട്ടും രേഖകൾ നൽകാതെ പണം ആവശ്യപ്പെടുകയായിരുന്നു

മദ്യവും പെർഫ്യൂമും ഉൾപ്പെടെ തഹസിൽദാർ ആവശ്യപ്പെട്ടിരുന്നു. ഷോപ്പ് ഉടമ അത് നൽകുകയും ചെയ്തു. തുടർന്നും പണം ആവശ്യപ്പെട്ടതോടെയാണ് ഉടമ പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയെ സമീപിച്ചത്. 
തുടർന്ന് വിജിലൻസ് നൽകിയ പണം തഹസിൽദാറിന് നൽകുന്നതിനിടയിലായിരുന്നു പാലക്കാട് വിജിലൻസ് ഡിവൈഎസ്പി   സി എം ദേവദാസിന്റെ നേതൃത്വത്തിൽ തഹസിൽദാറിനെ പിടികൂടിയത്.