കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം.
കൊല്ലം നിലമേലിലാണ് ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കോടി പ്രതിഷേധം അരങ്ങേറിയത്.
തുടർന്ന് ഔദ്യോഗിക
വാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവർത്തകരോടും പോലീസിനോടും കയർത്ത ഗവർണർ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവർക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവർണർ, പ്രതിഷേധക്കാർക്കെതിരേ കേസെടുത്ത് എഫ്‌ഐആർ രേഖകള്‍ കാണിച്ച ശേഷമായിരുന്നു മടങ്ങിയത്.
സദാനന്ദ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും നിലമേല്‍ വഴി സദാനന്ദപുരത്തേക്ക് പോകുകയായിരുന്നു ഗവർണർ. യാത്രാമധ്യേയാണ് നിലമേല്‍വെച്ച് എസ്.എഫ്.ഐക്കാർ കരിങ്കൊടികളുമായി ഗവർണറുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്. ക്ഷുഭിതനായ ഗവർണർ കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാർക്കുനേരെ കയർക്കുകയായിരുന്നു.
സംസ്ഥാന പോലീസിൽ വിശ്വാസമില്ലെന്ന് പ്രധാനമന്ത്രി – രാഷ്ട്രപതി ഓഫീസുകളെ അറിയിച്ചതിനെ തുടർന്ന് കേന്ദ്ര സേനയുടെ ഇസ്ഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകി.