വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

മലപ്പുറം : കേരള വാട്ടർഅതോറിറ്റി ഓവർസീയർ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിൽ.
മലപ്പുറം ജില്ലയിലെ കോട്ടക്കുന്നൽ സർക്കിൾ ഓഫീസിലെ ഓവർസീയറായ രാജീവിനെ ആണ് വിജിലൻസ് പിടികൂടിയത്.
ജലജീവൻ മിഷൻ പദ്ധതിയ്ക്ക് വേണ്ടിയുള്ള പൈപ്പ് കണക്ഷൻ നൽകുന്നതിന് റോഡ് കുഴിക്കുവാനുള്ള അനുവാദത്തിനായി പൊതുമരാമത്ത് വകുപ്പിൽ സമർപ്പിയ്ക്കേണ്ട എസ്റ്റിമേറ്റ് വേഗത്തിൽ തയ്യാറാക്കി നൽകുന്നതിലേയ്ക്ക് കരാറുകാരനായ പാലക്കാട് ചിറ്റൂർ സ്വദേശിയോട് പ്രതി 10,000 രൂപ ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരൻ ഈ വിവരം മലപ്പുറം യൂണിറ്റ് ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫീക്കിനെ അറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം നൽകിയ പണം പരാതിക്കാരനിൽ നിന്നും വൈകിട്ട് ഓഫീസിൽ വച്ച് വാങ്ങിയ രാജീവിനെ കൈയ്യോടെ പിടികൂടുകയായിരുന്നു.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി-യെ കൂടാതെ പോലീസ് ഇൻസ്പെക്ടർമാരായ ജ്യോതീന്ദ്രകുമാർ, പോലീസ് സബ് ഇൻസ്പെക്ടർമാരായ മോഹനകൃഷ്മൻ, ശ്രീനിവാസൻ, സലിം, മധുസൂദനൻ, പോലീസ് ഉദ്ദ്യോഗസ്ഥരായ സന്തോഷ്, ജിപ്സൺ, വിജയൻ,സുബിൻ എന്നിവരും ഉണ്ടായിരുന്നു