തിരുവനന്തപുരം: സാധാരണക്കാർക്ക് ആശ്വാസമായി ഭാരത് അരി സംസ്ഥാനത്ത് എത്തി.
കേരളത്തിൽ വിതരണത്തിനായുള്ള ആദ്യ ലോഡ് ഇന്നലെ സംസ്ഥാനത്ത് എത്തി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴി കിലോയ്ക്ക് 29 രൂപ വഴിയാണ് അരി ജനങ്ങൾക്ക് നൽകുന്നത്.കുറഞ്ഞ വിലയിൽ എല്ലാ സംസ്ഥാനങ്ങളിലും ഭാരത് അരി എത്തിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.
നാഷണൽ അഗ്രിക്കൾച്ചർ കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (എൻ സി സി എഫ് ), നാഷണൽ കോ- ഓപ്പറേഷൻ കൺസ്യൂമേഴ്‌സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് അരി വിതരണം ചെയ്യുക. ഓൺലൈൻ ആയും അല്ലാതെയും ആളുകൾക്ക് അരി വാങ്ങാം. അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിലായാണ് ഭാരത് അരി ലഭിക്കുക.
അരിയുടെ വിതരണത്തിനായി സംസ്ഥാനത്ത് 200 ഔട്ട്‌ലെറ്റുകൾ എൻസിസിഎഫ് തുറക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾ സ്വകാര്യ സംരംഭകർ എന്നിവ മുഖേനയും വിൽപ്പന നടത്തും. എഫ്‌സിഐയിൽ നിന്നാണ് അരി ശേഖരിക്കുന്നത്.
സംസ്ഥാനത്ത് നിലവിൽ അരിയ്ക്ക് തീ വിലയാണ്. അരി വില കിലോയ്ക്ക് 49 രൂപ നിരക്കിലാണ് കടകളിൽ നിന്നും ലഭിക്കുന്നത്.