വയനാട് :കർണാടക വനത്തിൽ നിന്ന് വയനാട് എത്തി പ്രദേശവാസിയെ ക്രൂരമായി കുത്തിക്കൊന്ന കാട്ടാനയെ പിടികൂടാൻ ആകാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ. മണ്ണുണ്ടി കോളനിയിൽ നിലയുറപ്പിച്ച ബേലൂർ മഖ്ന എന്ന മോഴയാനയെ പിടികൂടുന്നതിനായി ദൗത്യസംഘം കാട്ടിൽ പ്രവേശിച്ചെങ്കിലും കുങ്കി ആനകളുടെ മണം മനസ്സിലാക്കിയ മോഴ കാട്ടിനുള്ളിലേക്ക് ഓടിമറഞ്ഞു.തുടർന്ന് ദൗത്യസംഘം ആനയെ പിന്തുടർന്നെങ്കിലും സാഹചര്യം ഒത്തു വരാഞ്ഞതിനാലാണ് മയക്കു വെടിവയ്ക്കാൻ കഴിയാതിരുന്നതെന്ന് ദൗത്യസംഘം ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം മടങ്ങിയെത്തിയ ദൗത്യസംഘത്തെ സ്ത്രീകൾ ഉൾപ്പെടുന്ന പ്രദേശവാസികൾ തടഞ്ഞു. രാവിലെ മുതൽ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു. ഇന്ന് ആനയെ മയക്കുവെടിവയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കളും പ്രദേശവാസികളും പറഞ്ഞിരുന്നു.
തങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട ഉദ്യോഗസ്ഥർ കാട്ടിനുള്ളിൽ നിന്ന് അഞ്ചുമണിക്ക് തന്നെ തിരിച്ചിറങ്ങിയതാണ് പ്രദേശവാസികളെ പ്രകോപിപ്പിച്ചത്.ഡി എഫ് ഓ സ്ഥലത്തെത്താതെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ കടത്തിവിടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
രണ്ടുദിവസമായി ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു. പോലീസ് എത്തി പ്രദേശവാസികളെ അനുനയിപ്പിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ വനത്തിൽ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.