എറണാകുളം : തൃപ്പൂണിത്തറ തെക്കുംഭാഗത്ത് പ്രവർത്തിക്കുന്ന പടക്ക കടയിൽ ഉഗ്രസ്ഫോടനം . രണ്ട് ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റു. പടക്ക കടയിൽ ഉണ്ടായിരുന്ന മറ്റ് ജീവനക്കാർക്കും പരിക്കേറ്റതായാണ് ലഭ്യമായ വിവരം. രാവിലെ പത്തര മണിയോടെയായിരുന്നു അപകടമുണ്ടായത്.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ മേൽക്കൂരകൾ തകർന്നു. 300 മീറ്റർ ചുറ്റളവിലെ കടകൾക്കും വീടുകൾക്കും നാശനഷ്ടങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. രണ്ട് തവണ ഉഗ്രസ്ഫോടനം ഉണ്ടായതായി ദൃക്സാക്ഷികൾ അറിയിച്ചു. അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റുകളുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.