തൃപ്പൂണിത്തറ പടക്കകട സ്ഫോടനത്തിൽ ഒരു മരണം

എറണാകുളം : തൃപ്പൂണിത്തറയിൽ ഇന്ന് രാവിലെ ഉണ്ടായ അനധികൃത പടക്ക സംഭരണശാലയിലെ സ്ഫോടനത്തിൽ ഒരു മരണം. കരിമരുന്ന് കൊണ്ടുവന്ന വാഹനത്തിൽ ഉണ്ടായിരുന്ന തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരണപ്പെട്ടത്.
തൃപ്പൂണിത്തറ പുതിയകാവ് ക്ഷേത്ര ഉത്സവാഘോഷങ്ങൾക്കായി എത്തിച്ച കരിമരുന്ന് വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടയിൽ ആയിരുന്നു അപകടം നടന്നത്.
അപകടത്തിൽ 50 ഓളം വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായി. കുട്ടികൾ ഉൾപ്പെടെയുള്ള നിരവധി പ്രദേശവാസികൾക്കും പരിക്കേറ്റു. ശക്തമായ സ്ഫോടനത്തെ തുടർന്ന് സ്ഫോടനാവശിഷ്ടങ്ങൾ ഒരു കിലോമീറ്റർ ദൂരത്തേക്ക് തെറിച്ച് വീണതായി പ്രദേശവാസികൾ പറഞ്ഞു.

പടക്ക സംഭരണശാലയ്ക്ക് ലൈസൻസ് ഇല്ലെന്നും കരിമരുന്നിറക്കാൻ അപേക്ഷ പോലും നൽകിയിട്ടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഫയർഫോഴ്സിന്റെ അനുമതിയും ലഭിച്ചിട്ടില്ലെന്ന് ജില്ലാ ഫയർ ഓഫീസറും വെളിപ്പെടുത്തി.
അതേസമയം ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താൻ പോലീസ് അനുമതി നിഷേധിച്ചിരുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു