വെറ്ററിനറി വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ആത്മഹത്യ : പിടിയിലായ വിദ്യാർത്ഥികൾ മാത്രമല്ല പ്രതികൾ എന്ന് കുടുംബം
വയനാട് : പൂക്കാട് വെറ്ററിനറി വിദ്യാർത്ഥി സിദ്ധാർത്ഥ് ക്രൂരമായി മർദ്ദനമേറ്റതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പിടിയിലായ 6 വിദ്യാർത്ഥികൾ മാത്രമല്ല പ്രതികൾ എന്ന് സിദ്ധാർത്ഥിന്റെ കുടുംബം.
മൊബൈൽ നമ്പറുകൾ ഉൾപ്പെടെ കിട്ടിയിട്ടും യഥാർത്ഥ പ്രതികളെ പിടികൂടാതെ ഇപ്പോഴും ഒളിവിൽ ആണെന്ന പോലീസ് ഭാഷ്യം പ്രതികളെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ളതാണെന്ന് പറഞ്ഞ കുടുംബം സിപിഎമ്മിനെതിരെയും ആരോപണം ഉയർത്തി.
പ്രതികളെ സംരക്ഷിക്കാൻ സിപിഎം ശ്രമിക്കുന്നു. യഥാർത്ഥ പ്രതികളെ മാറ്റിനിർത്താൻ പ്രാദേശിക ഘടകങ്ങൾ ശ്രമിക്കുന്നു. പ്രതികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നു തുടങ്ങിയ ആരോപണങ്ങൾ കുടുംബാംഗങ്ങൾ ആരോപിച്ചു.
അതേസമയം സിദ്ധാർത്ഥിനെ നഗ്നനാക്കി ക്രൂരമർദ്ദനത്തിന് വിധേയനാക്കിയതായി പിടിയിലായ പ്രതികൾ പോലീസിനോട് പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സിദ്ധാർത്ഥിന് ക്രൂരമർദ്ദനമേറ്റതായി തെളിഞ്ഞിട്ടുണ്ട്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ
സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച സംഘത്തിൽ ഉൾപ്പെട്ട എസ്എഫ്ഐ പ്രവർത്തകരെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർ ഷോ പറഞ്ഞു. കോൺഗ്രസിനെ പോലെ കോടതി തീരുമാനം വരുന്നവരെ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് അല്ല എസ്എഫ്ഐയുടേതെന്ന് പറഞ്ഞ പി എം ആർഷോ റാഗിങ്ങിനെ ഒരു തരത്തിലും അംഗീകരിക്കുന്നില്ലന്നും പറഞ്ഞു.