സിദ്ധാർത്ഥിന്റെ മരണം സിബിഐ അന്വേഷണം വൈകിപ്പിക്കൽ ; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണം സിബിഐയ്ക്ക് വിടാൻ വൈകിപ്പിച്ചതിൽ ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
ഡെപ്യൂട്ടി സെക്രട്ടറി വി കെ പ്രശാന്ത, സെക്ഷൻ ഓഫീസർ ബിന്ദു, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ അഞ്ജു എന്നിവരെ ആണ് സസ്പെൻഡ് ചെയ്തത്.
സിബിഐക്ക് പെർഫോമൻസ് റിപ്പോർട്ട് നൽകാത്തതിനെ തുടർന്നാണ് നടപടി.

സിദ്ധാർത്ഥിന്റെ കുടുംബാംഗങ്ങൾ ഈ മാസം ഒൻപതാം തീയതി മുഖ്യമന്ത്രിയെ കണ്ടു അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു . അന്ന് തന്നെ അന്വേഷണം സിബിഐക്ക് വിടുന്നതായി മുഖ്യമന്ത്രി അറിയിക്കുകയും വിജ്ഞാപനം ഇറക്കുകയും ചെയ്തു.
ആഴ്ചകൾ കഴിഞ്ഞിട്ടും സിബിഐ അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം സിദ്ധാർത്ഥിന്റെ പിതാവ് ബിജെപിയുടെ തിരുവനന്തപുരം ലോക്സഭാ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരനെയും , പ്രതിപക്ഷ നേതാവ് വി ഡി സതീഷനെയും കണ്ട് നിലവിലെ സ്ഥിതി അറിയിക്കുകയും, വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് മുഖ്യമന്ത്രി അന്വേഷണം വൈകുന്നതിന്റെ കാരണം അന്വേഷിക്കാൻ അഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
സെക്രട്ടറി നടത്തിയ പരിശോധനയിലാണ് സിബിഐക്ക് പെർഫോമ റിപ്പോർട്ട് നൽകിയിട്ടില്ല എന്ന് മനസ്സിലായത്. തുടർന്നാണ് ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി