സർക്കാർ കെട്ടിടം പുതുക്കിപ്പണിതതിൽ അഴിമതി നടത്തിയ കരാറുകാരനെ കഠിന തടവിന് ശിക്ഷിച്ചു.

ഇടുക്കി: അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണി നടത്തി രണ്ടര ലക്ഷത്തോളം രൂപ വെട്ടിച്ച കേസിൽ പ്രതിയായ കരാറുകാരൻ സണ്ണി പോളിനെ രണ്ട് വകുപ്പുകളിലായി ആറ് വർഷം തടവും, 5,10,000 രൂപ പിഴ ഒടുക്കുന്നതിനും മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചു.
2004 – 2005 കാലഘട്ടത്തിൽ അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണിനടത്തിയതിന് അടിമാലി ബ്ലോക്ക് കരാർ ക്ഷണച്ചതിൻ പ്രകാരം പ്രവൃത്തിയെടുത്ത കരാറുകാരനായ സണ്ണി പോൾ ചെയ്യാത്ത പ്രവൃത്തികൾ ചെയ്തതായി കാണിച്ച് എം.ബുക്കിൽ അസിസ്റ്റന്റ് എഞ്ചിനീയറെ കൊണ്ട് എഴുതി സർക്കാരിന് 2,56,925 രൂപ അധികമായി എഴുതിയെടുത്ത് സർക്കാരിന് നഷ്ടം വരുത്തിയതിൽ വിജിലൻസ് ഇടുക്കി യൂണിറ്റ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നൽകിയ കേസ്സിലാണ് പ്രതിയായ കരാറുകാരനെ മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്. ഇടുക്കി വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന അലക്സ് എം വർക്കി രജിസ്റ്റർ ചെയ്ത കേസിലാണ്പ്രതിയായ സണ്ണി പോളിനെ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്. പ്രതിയായ അസിസ്റ്റന്റ് എഞ്ചിനീയർ വിചാരണ വേളയിൽ മരണപ്പെട്ടു.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ പറയുന്നു.
വിജിലൻസ് ഡി.വൈ.എസ്.പി യായിരുന്ന കെ.വി.ജോസഫിന്റെ നേതൃത്വത്തിൽ വിജിലൻസ് ഇൻസ്പെക്ടർമാരായിരുന്ന വി. വിജയൻ,ജോൺസൺ ജോസഫ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്