സിപിഒ റാങ്ക് ഹോൾഡേഴ്സ് സമരം അവസാനിപ്പിച്ചു ; സർക്കാർ നികൃഷ്ട ജീവികളോടെന്ന പോലെ പെരുമാറി : സമരസമിതി നേതാക്കൾ
തിരുവനന്തപുരം : സിവിൽ പോലീസ് ഓഫീസേഴ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗ്യാർഥികൾക്ക് നിയമന ശുപാർശ നൽകണമെന്ന് ആവശ്യപ്പെട്ട് 62 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിവന്നിരുന്ന സമരമാണ് ഇന്ന് അവസാനിപ്പിച്ചത്.
റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. 13,975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ഇതുവരെ നിയമനം ലഭിച്ചത് വെറും 4436 ഉദ്യോഗാർത്ഥികൾക്കാണ്.
ഗവൺമെന്റും കേരള പി എസ് സിയും നികൃഷ്ട ജീവികളോട് പെരുമാറുന്നത് പോലെയാണ് തങ്ങളോട് പെരുമാറിയതെന്ന് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധിയിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉൾപ്പെടെ 100 കണക്കിന് നിവേദനങ്ങൾ നൽകിയെങ്കിലും അതിലൊന്നും അനുകൂല നടപടി ഉണ്ടായില്ല. ഡിജിപിയുമായി ചർച്ച നടത്തിയെങ്കിലും അതിലും ഫലം കണ്ടില്ല. സിപിഎം നേതാക്കൾ ആരും സമരം പന്തലിൽ എത്തുകയോ തങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയോ ചെയ്തില്ലെന്നും പ്രതിനിധികൾ പറഞ്ഞു.
ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിധി വന്നതിനുശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.