തിരുവനന്തപുരം: എൻ ഡി എ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി തിരുവനന്തപുരം കാട്ടാക്കടയിൽ എത്തി. ആറ്റിങ്ങൽ സ്ഥാനാർത്ഥി വി മുരളീധരൻ വിഷു സമ്മാനം നൽകി കൊണ്ടാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
ജയ് ജയ് അനന്തപത്മനാഭ എന്ന് പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. പത്മനാഭന്റെ മണ്ണിൽ വന്നതിൽ അതീവ സന്തോഷം എന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ
രാജ്യത്തിന്റെ തീരപ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് ബിജെപിയുടെ പ്രകടനപത്രിക. ഇത് മത്സ്യത്തൊഴിലാളി സഹോദരങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്. ഇടതു വലതു മുന്നണികളുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം തകർത്തു.
അഞ്ചുവർഷത്തിനുള്ളിൽ ഭാരതം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. ഹോംസ്റ്റേകൾ നിർമ്മിക്കാൻ വനിതകൾക്ക് സാമ്പത്തിക സഹായം നൽകും. റെയിൽവേയുടെ വികസനത്തിനായി വരുംവർഷങ്ങളിൽ വൻ പദ്ധതികൾ സൃഷ്ടിക്കും . ദക്ഷിണ ഭാരതത്തിൽ ബുള്ളറ്റ് ട്രെയിനുകൾക്കുള്ള സർവ്വേ നടപടികൾ ആരംഭിക്കും. ഇടത് വലതു മുന്നണികൾ കേരളത്തിൽ തമ്മിൽ പോരടിക്കുമ്പോഴും ഡൽഹിയിലെത്തിയാൽ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. എൽഡിഎഫും യുഡിഎഫും വികസന വിരോധികളാണ്. വികസനത്തിന് ആവശ്യമായ വ്യവസായങ്ങളെ തകർത്തെറിഞ്ഞവരാണ്.
അഴിമതി നടത്താനുള്ള താവളമായി മാറ്റിയിരിക്കുകയാണ് ഇരു പാർട്ടികളും കേരളത്തെ . സ്വർണ്ണ കടത്തുകാരുടെ പറുദീസയായി മാറി കേരളം.
സഹകരണ ബാങ്കുകൾ വഴി ഒരു ലക്ഷം കോടി രൂപയുടെ അഴിമതി ആണ് സിപിഎം നടത്തിയിട്ടുള്ളത്, സിഎംആർഎൽ അഴിമതിയിൽ മുഖ്യമന്ത്രിയും മകളും പ്രതിസ്ഥാനത്താണ്. അഴിമതിക്കാരെ സംരക്ഷിക്കാൻ സംസ്ഥാന ഭരണകൂടം ഇടപെടുന്നു. കേന്ദ്രസർക്കാർ ഇടപെട്ടതുകൊണ്ടാണ് സി എം ആർ എൽ മാസപ്പടി കേസ് സംസ്ഥാന സർക്കാരിന് ഒതുക്കാൻ കഴിയാതിരുന്നത്.
കഴിഞ്ഞ 10 വർഷമായി അഴിമതിയെ രാജ്യത്തുനിന്ന് തുടച്ചുനീക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തിവന്നത്. അതിൽ പ്രകോപിതരായ സിപിഎം കോൺഗ്രസ് നേതാക്കളാണ് ബിജെപിക്കെതിരെ പ്രതിഷേധമുയർത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്സഭാ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ,
ജി കൃഷ്ണകുമാർ എന്നിവരും ബിജെപിയുടെ മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ കൃഷ്ണദാസ്, സന്ദീപ് വചസ്പതി, പ്രശസ്ത സിനിമാതാരം ശോഭന
തുടങ്ങിയവർ പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ടു.