കൊച്ചി : പ്രശസ്ത കർണാടക സംഗീതജ്ഞൻ പത്മശ്രീ കെ ജി ജയൻ (90) അന്തരിച്ചു.
തൃപ്പൂണിത്തറയിലെ വസതിയിൽ ആയിരുന്നു അന്ത്യം. ഇരട്ടസഹോദരനും കർണാടക സംഗീതജ്ഞനുമായ വിജയനൊപ്പം ചേർന്ന് ‘ജയവിജയ’ എന്ന പേരിൽ കച്ചേരികൾ നടത്തി രാജ്യാന്തര പ്രശസ്തി നേടിയ സംഗീത പ്രതിഭയായിരുന്നു അദ്ദേഹം .
അയ്യപ്പഭക്തിഗാനങ്ങളിലൂടെ ജനങ്ങളുടെ മനം കവർന്ന കെ ജി ജയൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പ്രിയ ശിഷ്യനായിരുന്നു. ചെമ്പയ്ക്കൊപ്പം 18 വർഷം പ്രവർത്തിച്ചു. ശ്രദ്ധേയമായ ഒട്ടേറെ ഭക്തിഗാനങ്ങൾക്കും സിനിമാഗാനങ്ങൾക്കും സംഗീത സംവിധാനം നിർവഹിച്ചു.
ശബരിമല നട തുറക്കുമ്പോൾ കേൾക്കുന്ന ‘ശ്രീകോവിൽ നട തുറന്നു ‘എന്ന ഗാനം ജയ വിജയന്മാർ ഈണമിട്ട് പാടിയതാണ്.
1934 നവംബർ 21-ന് കോട്ടയത്തെ വീട്ടിൽ ശ്രീനാരായണ ഗുരുവിന്റെ നേർ ശിഷ്യനായ ഗോപാലൻ തന്ത്രിയുടെയും പരേതയായ നാരായണി അമ്മയുടെയും മൂന്നാമത്തെയും നാലാമത്തെയും മക്കളായാണ് ജയ വിജയന്മാരുടെ ജനനം . വളരെ ചെറുപ്പത്തിൽ തന്നെ കർണാടക സംഗീതം പഠിക്കാൻ തുടങ്ങിയ അവർ ഒമ്പതാം വയസ്സിൽ കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി കൊണ്ടാണ് കർണാടക സംഗീതലോകത്തേക്ക് പ്രവേശിച്ചത്.
2019 രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സംസ്ഥാന സർക്കാരിന്റെ കേരള സംഗീത നാടക അക്കാദമി അവാർഡ്, ദേവസ്വം ബോർഡിന്റെ ഹരിവരാസനം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ പരാതിയായ സരോജനി കെ ജയൻ, മക്കൾ പ്രശസ്ത സിനിമാതാരം മനോജ് കെ ജയൻ, ബിജു കെ ജയൻ