സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരിച്ചു നൽകിയില്ല ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : നിക്ഷേപിച്ച പണം സർവീസ് സഹകരണ ബാങ്ക് തിരികെ നൽകിയില്ല ഇതിൽ മനം നൊന്ത് വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.
തിരുവനന്തപുരം നെയ്യാറ്റിൻകര മരതത്തൂർ സ്വദേശി തോമസ് (55) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
മകളുടെ വിവാഹ ആവശ്യത്തിനായി പെരുമ്പഴത്തൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന അഞ്ച് ലക്ഷം രൂപ മകളുടെ വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതിൽ മനംനൊന്ത് കഴിഞ്ഞ മാസം 19 നാണ് തോമസ് വിഷം കഴിച്ചത്.ഗുരുതരാവസ്ഥയിലായ തോമസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ച മരണപ്പെട്ടു.

മകളുടെ വിവാഹം സ്വപ്നം കണ്ടാണ് തോമസ് ഒരായുസ്സിന്റെ സമ്പാദ്യമായ 5 ലക്ഷം രൂപ പെരുമ്പഴത്തൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചതെന്ന് ബന്ധുക്കൾ.മകളുടെ വിവാഹമുറപ്പിച്ചതോടെ പണം തിരികെ ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് തിരിച്ചു വിടുകയാണ് ഉണ്ടായതെന്നും,നിരവധി തവണ ബാങ്കിൽ കയറി ഇറങ്ങിയെങ്കിലും അധികൃതർ പണം തിരികെ കൊടുക്കാതെ കബളിപ്പിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.