സിനിമാ – സീരിയൽ താരം കനകലത അന്തരിച്ചു

തിരുവനന്തപുരം : സീരിയൽ – സിനിമ നടി കനകലത (64)അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. പാർക്കിൻസണ്‍സ് ബാധിച്ച്‌ ചികിത്സയിലായിരുന്നു.

നാടകാഭിനയത്തിലൂടെ കലാരംഗത്തെത്തിയ കനകലത 30 വർഷത്തോളം നാടക – ടെലിസീരിയൽ – ചലച്ചിത്ര മേഖലകളിൽ സജീവമായിരുന്നു.

രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ,ചില്ല്, കരിയിലക്കാറ്റുപോലെ തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, പഞ്ചവർണതത്ത തുടങ്ങി മലയാളത്തിലും വിവിധ ഭാഷകളിലുമായി 350-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിളളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24ന് ജനിച്ച കനകലതയുടെ പ്രാഥമിക വിദ്യാഭ്യാസം കൊല്ലം ഗവ. ഗേൾസ് ഹൈസ്കൂളിൽ ആയിരുന്നു.


2023 ഏപ്രിൽ 8ന് റിലീസായ പൂക്കാലം എന്ന സിനിമയാണ് കനകലതയുടെ മലയാളത്തിലെ അവസാന സിനിമ.