കിടപ്പുരോഗിയായ പിതാവിനെ ഉപേക്ഷിച്ച സംഭവം : കേസെടുക്കാൻ നിർദ്ദേശം നൽകി മന്ത്രി

എറണാകുളം : എരൂർ വൈമേതിയിൽ കിടപ്പ് രോഗിയായ പിതാവിനെ ഉപേക്ഷിച്ച സംഭവത്തിൽ പരിശോധന നടത്തി അടിയന്തര റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർക്കുമാണ് നിർദ്ദേശം നൽകിയത്. മകനെതിരെ നടപടി സ്വീകരിക്കാൻ മെയിന്റനൻസ് ട്രൈബ്യൂണൽ പ്രിസൈഡിങ് ഓഫീസർക്കും നിർദേശം നൽകി.

മൂന്നു മക്കളുള്ള ഷണ്മുഖനെ മകൻ അജിത്ത് വാടകവീട്ടിൽ ഉപേക്ഷിച്ചതിന് ശേഷം കിടപ്പുരോഗിയായ ഷണ്മുഖന് വെള്ളവും മരുന്നും നൽകിയത് വാടക വീടിന്റെ ഉടമയാണ്. തുടർന്ന് വാർഡ് കൗൺസിലറും നഗരസഭാ വൈസ് ചെയർമാനുമായ കെ കെ പ്രദീപ് ആണ് ഷണ്മുഖനെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
ചികിത്സയിൽ കഴിയുന്ന ഷണ്മുഖന്റെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർമാർ അറിയിച്ചു.പിതാവിനെ വാടകവീട്ടിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ മകൻ വേളാങ്കണ്ണിയിലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.