മദ്യനയത്തിൽ സർക്കാർ വാദം പൊളിയുന്നു.

തിരുവനന്തപുരം :മദ്യനയത്തെക്കുറിച്ച് പ്രാരംഭ ചർച്ചകൾ ഇതുവരെ  നടത്തിയിട്ടില്ലെന്ന എക്സൈസ് വകുപ്പുമന്ത്രി എം ബി രാജേഷിന്റെ വാദം പൊളിയുന്നു.
മദ്യനയത്തെ കുറിച്ച് ചർച്ച ചെയ്യാൻ ടൂറിസം ഡയറക്ടറുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച യോഗം ചേർന്ന വിവരങ്ങൾ പുറത്ത്.ടൂറിസം ഡയറക്ടറുടെ നേതൃത്വത്തിൽ നടന്ന “സൂം മീറ്റിങ്ങിൽ’ബാർ ഉടമകളുടെ സംഘടനാ പ്രതിനിധികൾ  പങ്കെടുത്തു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആണ് മീറ്റിങ്ങിന്റെ ലിങ്കുകൾ ബാർ ഉടമകൾ ഉൾപ്പെടെയുള്ളവർക്ക് അയച്ചു നൽകിയത്. യോഗത്തിന്റെ വിവരങ്ങൾ പുറത്തായതോടെയാണ്  സർക്കാരിന്റെയും മന്ത്രിയുടെയും വാദങ്ങൾ പൊളിഞ്ഞത്.

മദ്യനയത്തിലെ ഇളവിന് പ്രത്യുപകാരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ല പ്രസിഡന്റുമായ
അനുമോൻ മറ്റ് അംഗങ്ങൾക്ക് ശബ്ദ സന്ദേശം അയച്ചതായിരുന്നു വിവാദങ്ങളുടെ തുടക്കം.

എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വിവാദങ്ങളോട് ആദ്യം പ്രതികരിച്ചത്

സർക്കാർ മദ്യനയത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടില്ല. മദ്യ നയത്തിന്റെ പ്രാരംഭ ചർച്ചകൾ പോലുമായിട്ടില്ല. മദ്യ നയത്തിൽ ചില കാര്യങ്ങൾ നടപ്പിലാക്കാം എന്നുപറഞ്ഞുകൊണ്ട് പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവത്തോടെയാണ് കാണുന്നത്. വളരെ ശക്തമായ നടപടി അത്തരക്കാർക്കെതിരെ എടുക്കും. വെച്ചുപൊറുപ്പിക്കില്ല. ചർച്ച നടക്കുന്നതിന് മുമ്പ് തന്നെ വാർത്തകൾ വരുന്നുണ്ട്. ആ വാർത്തകൾ ഉപയോഗിച്ച് ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാൽ ശക്തമായ നടപടിയെടുക്കും’, മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.


സാധാരണ ഫെബ്രുവരി-മാർച്ച് മാസത്തിൽ ചർച്ച നടത്താറുള്ളതാണ്. തിരഞ്ഞെടുപ്പ് ആയതിനാൽ അത്തരം ചർച്ചകളിലേക്ക് കടന്നിട്ടില്ല. വാർത്തകളുടെ ഉറവിടം അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.