കൈക്കൂലി വാങ്ങവേ റെവന്യു ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ

മലപ്പുറം : കൈക്കൂലി കേസിൽ നഗരസഭ ഉദ്യോഗസ്ഥൻ പിടിയിൽ. മലപ്പുറം പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിയിലെ റെവന്യു ഇന്‍സ്പെക്ടര്‍ എം.പി ഉണ്ണികൃഷ്ണനെയാണ് വിജിലൻസ് പിടികൂടിയത് . കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്ന നടപടികൾ വേഗത്തിലാക്കുന്നതിനാണ് കൈക്കൂലിയാണ് ആവശ്യപ്പെട്ടത്.

പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി പരിധിയിൽ പരാതിക്കാരന്റെ മകള്‍ വാങ്ങിയ വസ്തുവില്‍ ഉള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിലേക്ക് ഈ മാസം ഒന്‍പതാം തിയതി അപേക്ഷ സമർപ്പിച്ചിരുന്നു. പല പ്രാവശ്യം ഓഫീസില്‍ ചെല്ലുമ്പോഴും ഉണ്ണികൃഷ്ണന്‍ തിരക്കാനെന്നും നാളെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ഓഫീസില്‍ ചെന്നപ്പോള്‍ സ്ഥല പരിശോധനക്കായി ഇന്നു വരാമെന്നും, വരുമ്പോള്‍ 2,000 രൂപ കൈക്കൂലി വേണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം വിജിലൻസ് വടക്കന്‍ മേഖല പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഫിറോസ്‌ എം ഷെഫിക്കിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് രഹസ്യമായി എത്തുകയായിരുന്നു.

സ്ഥല പരിശോധനക്ക് ശേഷം പരതിക്കാരൻ കൈക്കൂലി കൈമാറുന്നതിനിടയിൽ സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് സംഘം ഉണ്ണികൃഷ്ണനെ കൈക്കൂലി പണം സഹിതം പിടികൂടുകയായിരുന്നു