തിരുവനന്തപുരം : സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ “ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ്’ .
ഒരു വിഭാഗം മെഡിക്കൽ കോളേജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നിരവധി ഡോക്ടർമാർ കുടുങ്ങി.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ആശുപത്രികളിലെ ഡോക്ടർമാർക്ക് താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താൻ പാടുള്ളുവെന്നും, സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് നേഴ്സിന്റെയോ, ടെക്നീഷ്യന്റെയോ സേവനം പ്രയോജനപ്പെടുത്താൻ പാടില്ലായെന്നും, സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗികളെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് പരിശോധിക്കാൻ പാടില്ലായെന്നും മറ്റുമുള്ള നിബന്ധനകൾക്ക് വിധേയമായി സർക്കാർ സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുണ്ട്. എന്നാൽ അത്തരത്തിലുള്ള നിബന്ധനകൾ പാലിക്കാതെ ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ഡോക്ടർമാർ വാടക കെട്ടിടങ്ങളിലും, വാണിജ്യ സമുച്ചയങ്ങളിലും സർക്കാർ നിബന്ധനകൾക്കെതിരായി നടത്തിവന്ന സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
വിവിധ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വീട് ഉൾപ്പടെയുള്ള സ്ഥലങ്ങളിലും ആരോഗ്യ വകുപ്പിന്റെ കീഴിലെ ഡോക്ടർമാർ സർക്കാർ നിബന്ധനകൾക്കെതിരായി വീടുകൾ വാടകയ്ക്കെടുത്ത് സ്റ്റാഫുകളെ നിയമിച്ചും ലബോറട്ടറികൾ സജീകരിച്ച് വാണിജ്യ കെട്ടിടങ്ങളിലും വാടകയ്ക്കെടുത്തും മറ്റും സ്വകാര്യ പ്രാക്ടീസ് നടത്തി വന്ന സ്ഥലങ്ങളിലുമാണ് മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാനമൊട്ടാകെ വിജിലൻസ് 70ടീമുകളായി തിരിഞ്ഞാണ് മിന്നൽ പരിശോധന നടത്തിയത്. ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ നോൺ പ്രാക്ടീസ് അലവൻസ് വാങ്ങുന്ന 19 ഡോക്ടർമാരും വിജിലൻസ് കണ്ടെത്തി. ഇത് കൂടാതെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ആശുപത്രികളിലെ 64 ഡോക്ടർമാർ സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പാലിക്കാതെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും വിജിലൻസ് കണ്ടെത്തി.
ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ സർക്കാർ സ്വകാര്യ പ്രാക്ടീസ് പൂർണ്ണമായും നിരോധിച്ച മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരിൽ കോഴിക്കോട് ജില്ലയിൽ 8 ഉം, ആലപ്പുഴ ജില്ലയിൽ 3 ഉം, തൃശ്ശൂർ ജില്ലയിൽ 2 ഉം,തിരുവനന്തപുരം,കോട്ടയം,എറണാകുളം,മലപ്പുറം,വയനാട്,കണ്ണൂർ എന്നീ ജില്ലകളിൽ 1 വീതവും ആകെ 19 മെഡിക്കൽ കോളേജ് ഡോക്ടർമാരും,ആരോഗ്യ വകുപ്പിൻ കീഴിൽ സർക്കാർ ഉത്തരവിലെ നിബന്ധനകൾക്ക് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്ന തിരുവനന്തപുരം,പത്തനംതിട്ട ജില്ലകളിൽ10 വീതവും, കണ്ണൂർ ജില്ലയിൽ 9 ഉം, കാസർഗോഡ്ജില്ലയിൽ 8 ഉം, കൊല്ലംജില്ലയിൽ 5 ഉം,പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ 4 വീതവും, കോട്ടയം ജില്ലയിൽ3 ഉം,ഇടുക്കി, മലപ്പുറം ജില്ലകളിൽ 2 വീതവും, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഒന്ന് വീതവും ആകെ ആരോഗ്യ വകുപ്പിൻകീഴിലെ 64 ഡോക്ടർമാർ സർക്കാർ ഉത്തരവിലെ നിബന്ധനകൾക്ക് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്നതായി വിജിലൻസ് കണ്ടെത്തി.
സംസ്ഥാനത്തെ ആരോഗ്യ വകുപ്പിൻ കീഴിലെ ഡോക്ടർമാർ സ്വന്തം വീടിനോട് ചേർത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിന് സർക്കാർ അനുമതിയുണ്ടെങ്കിലും ചില ഡോക്ടർമാർ അവർ ജോലി ചെയ്യുന്ന ആശുപത്രി പരിസരത്ത് വാടക മുറികളും വാണിജ്യ കെട്ടിടങ്ങളും സംഘടിപ്പിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം, കോട്ടയം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ ചില ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസിന്റെ മറവിൽ വീടുകൾ വാടകയ്ക്കെടുത്ത് മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിച്ചും, നേഴ്സിനെയും, ടെക്നീഷ്യനെയും, ലാബ് അസിസ്റ്റന്റിനെയും മറ്റും നിയമിച്ച് ക്ലിനിക്ക് പോലെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
മിന്നൽ പരിശോധനയിൽ കണ്ടെത്തിയതും സർക്കാർ ഉത്തരവിന് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയതുമായ ഡോക്ടർമാരുടെ വിശദ വിവരം മേൽ നടപടികൾക്കായി സർക്കാരിന് നൽകുമെന്ന് വിജിലൻസ് ഡയറക്ടർ ടി. കെ. വിനോദ്‌കുമാർ ഐപിഎസ്-അറിയിച്ചു.