കണ്ണൂരിലെ ബോംബ് സ്ഫോടനം; സിപിഎമ്മിനെതിരെ യുവതി

കണ്ണൂർ : സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ബോംബ് നിർമ്മാണം വ്യാപകമായി നടക്കുന്നതായി കണ്ണൂർ എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ മരണപ്പെട്ട വയോധികന്റെ അയൽവാസി സീന വെളിപ്പെടുത്തി.

സംഭവത്തിനുശേഷം പാർട്ടി പ്രവർത്തകർ ബോംബുകൾ പ്രദേശത്തുനിന്ന് എടുത്തുമാറ്റി. ചില പോലീസ് ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിൽക്കുന്നതായും സീന പറഞ്ഞു. പേടിച്ചിട്ടാണ് ഇതുവരെ വിവരങ്ങൾ പുറത്തു പറയാതിരുന്നതെന്നും യുവതി മാധ്യമപ്രവർത്തകർക്ക് മുന്നിൽ പറഞ്ഞു

ഇന്നലെയാണ് കണ്ണൂര്‍ എരഞ്ഞോളി കുടക്കളം റോഡില്‍ പഞ്ചായത്ത് ഓഫിസിന് സമീപം ആയിനിയാട്ട് മീത്തല്‍ പറമ്പില്‍ വീട്ടില്‍ വേലായുധന്‍ (85) ബോംബ് പൊട്ടി മരിച്ചത്. സംഭവത്തില്‍ പോലിസ് സ്വാഭാവിക മരണത്തിന് കേസെടുത്തു.

ആള്‍താമസമില്ലാത്ത വീട്ടുപറമ്പില്‍ തേങ്ങ പെറുക്കാനെത്തിയ വേലായുധന്‍, മുറ്റത്ത് കിടന്ന സ്റ്റീല്‍ പാത്രം ബോംബാണെന്നറിയാതെ തുറക്കവെ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടടുത്താണ് നാടിനെ നടുക്കിയ സംഭവം