ടി പി കൊലക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഉദ്യോഗസ്ഥരെ ബലിയാട് ആക്കിയോ സർക്കാർ?

കണ്ണൂർ : ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കത്തിന് ചരട് വലിച്ച മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്,അസിസ്റ്റന്റ് സൂപ്രണ്ട് (ഗ്രേഡ് 1) ബി.ജി അരുൺ,അസിസ്റ്റന്റ് പ്രിസൻ ഓഫീസർ ഒ.വി രഘു എന്നിവരെയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം സസ്പെൻഡ് ചെയ്തത്.
ശിക്ഷ വേളയിൽ ജാമ്യം പോലും നൽകരുതെന്ന് ഹൈക്കോടതി നിർദേശിച്ച കൊടും കുറ്റവാളികളെയാണ് ശിക്ഷയിളവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ജയിൽ ഡിജിപി പോലും അറിയാതെയാണ് പ്രതികൾ ശിക്ഷാ ഇളവ് ലിസ്റ്റിൽ ഇടം പിടിച്ചത്.
അതേസമയം ഹൈക്കോടതി ജാമ്യം പോലും നൽകരുതെന്ന് നിർദ്ദേശിച്ച കൊടും കുറ്റവാളികളെ ശിക്ഷാ ഇളവ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ മൂന്ന് ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ കഴിയില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു.പരോൾ ചട്ടങ്ങൾ ലംഘിച്ചാണ് ടിപി കൊലക്കേസ് പ്രതികൾക്ക് നിരവധിതവണ പരോൾ അനുവദിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.