സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ മലയാളികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

തിരുവനന്തപുരം : സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മലയാളികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. തിരുവനന്തപുരത്ത് മസ്കറ്റ്‌ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് വിജയികളെ അഭിനന്ദിച്ചത്.

ആകെ 54 പേരാണ് കേരളത്തില്‍ നിന്നും ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 37 ആയിരുന്നു. 2005 ല്‍ സിവില്‍ സര്‍വ്വീസ് അക്കാദമി സ്ഥാപിക്കപ്പെട്ട ശേഷം ഏറ്റവുമധികം വിജയികളുണ്ടായ വര്‍ഷമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിജയികളുടെ എണ്ണത്തില്‍ മാത്രമല്ല വര്‍ദ്ധനവുണ്ടായിരിക്കുന്നത്. സിവില്‍ സര്‍വീസ് ഒരു ലക്ഷ്യമായി കാണുന്ന യുവതീ-യുവാക്കളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായി. ഇവ രണ്ടും ഏറെ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്.

2005 ല്‍ നമ്മുടെ നാട്ടില്‍ നിന്നുള്ള സിവില്‍ സര്‍വീസ് പരീക്ഷാ വിജയികള്‍ കേവലം 8 പേര്‍ മാത്രമായിരുന്നു. എന്നാല്‍, 2010 നു ശേഷം വിജയികള്‍ സ്ഥായിയായി വര്‍ദ്ധിച്ചു, ഇരുപത്തിയഞ്ചിനും അതിനു മുകളിലും ഒക്കെ എത്തി. ഇന്നത് 50 നു മുകളില്‍ എത്തിനില്‍ക്കുന്നു. ഇക്കാര്യത്തില്‍ സിവില്‍ സര്‍വീസ് അക്കാദമി എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഇടപെടലുകള്‍ എടുത്തു പറയേണ്ടതുണ്ട്. മുന്‍കാലത്ത് ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ ചെന്നുതാമസിച്ച് പഠിച്ചാല്‍ മാത്രമേ സിവില്‍ സര്‍വ്വീസ് നേടാനാകൂ എന്ന അവസ്ഥയുണ്ടായിരുന്നു. സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ വരവോടുകൂടി ഈയവസ്ഥയ്ക്കു മാറ്റം വന്നുതുടങ്ങി.
ക്ഷേമപ്രവർത്തനങ്ങളിൽ ഊന്നിയതും മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതുമായ ഭരണപരമായ നടപടികളുടെ ഭാഗമാകാൻ ഇവർക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.