പിഎസ്‌സി കേസിൽ ആരോപണ വിധേയനായ പ്രവർത്തകനെ പുറത്താക്കി: സിപിഎം

കോഴിക്കോട് :പി എസ് സി അഴിമതിക്കേസിൽ ആരോപണ വിധേയനായ പാർട്ടി പ്രവർത്തകനെ പുറത്താക്കി സിപിഎം.
കോഴിക്കോട് സിപിഎമ്മിന്റെ അറിയപ്പെടുന്ന മുഖമായ പ്രമോദ് കോട്ടൂളിയെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശത്തെ തുടർന്നാണ് ജില്ലാ കമ്മിറ്റി ഇദ്ദേഹത്തെ പുറത്താക്കിയത്.
പ്രമോദിനെതിരെ തെളിവില്ലെന്ന് പറഞ്ഞ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ തന്നെയാണ് പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് നടപടിയെടുത്തത്. പി എസ് സി മെമ്പറാക്കാമെന്ന് വാഗ്ദാനം നൽകി കോഴിക്കോടുള്ള ഡോക്ടറുടെ കയ്യിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രമോദിനെതിരെ പാർട്ടി അന്വേഷണം ആരംഭിച്ചത്.

പാർട്ടിയിൽനിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രമോദ് കോട്ടോളി പരാതിക്കാരുടെ വീടിനു മുന്നിൽ സമരം ആരംഭിച്ചു.
ചില ഗൂഢ ശക്തികളുടെ ശ്രമഫലമായാണ് തെളിവുകൾ ഇല്ലാഞ്ഞിട്ടും പ്രമോദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറഞ്ഞു.