ബാംഗ്ലൂർ : കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചില്‍ എട്ടാം ദിവസവും തുടരുന്നു.
റോഡിൽ വാഹനം കണ്ടെത്താത്ത സാഹചര്യത്തിൽ സമീപത്തുള്ള നദിയിൽ ആയിരിക്കും ഇനി പരിശോധന നടത്തുക. തീരത്ത് നിന്ന് 40 മീറ്റർ മാറി പുഴയില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതില്‍ പ്രതീക്ഷവച്ച് കൊണ്ടാണ് പരിശോധന നടത്തുക. വ്യോമസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരിക്കും പരിശോധന.
റോഡിൽ ഇടിഞ്ഞുവീണ മണ്ണിനടിയിൽ തന്നെ ലോറി ഉണ്ടാകാമെന്ന് കേരളത്തിൽ നിന്ന് എത്തിയ രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേൽ പറഞ്ഞു. 80% മണ്ണ് മാറ്റിയെന്ന കർണാടക സർക്കാരിന്റെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കേരളത്തിൽ നിന്നെത്തിയ സന്നദ്ധ പ്രവർത്തകരെ നദിയിൽ ആരംഭിക്കുന്ന രക്ഷാപ്രവർത്തനത്തിന് അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സന്നദ്ധ പ്രവർത്തകർ ചൂണ്ടിക്കാട്ടിയ തെറ്റായ സ്ഥലത്ത് പരിശോധന നടത്തിയതിനാൽ സമയം പാഴായെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കഴിഞ്ഞദിവസം അസിസ്റ്റന്റ് കമ്മീഷണറും കേരളത്തിൽനിന്നെത്തിയ സന്നദ്ധ പ്രവർത്തകരും തമ്മിൽ രക്ഷാപ്രവർത്തനത്തെ ചൊല്ലി സംഘർഷം ഉടലെടുത്തിരുന്നു. രഞ്ജിത്ത് ഇസ്രായേലിനെ പോലീസ്ആക്രമിച്ചതായും പരാതി ഉയർന്നിരുന്നു.