വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പ് കണ്ടെത്തി റഡാർ

വയനാട് : മുണ്ടക്കൈയിൽ രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തി റഡാർ.
യൂനിസ് എന്ന വ്യക്തിയുടെ വീടിരുന്ന സ്ഥലത്താണ് ജീവന്റെ സാന്നിധ്യം കണ്ടെത്തിയത്.പിതാവ് മൊയ്തീൻകുട്ടി(75) യെയും സഹോദരൻ നാസറിനെയും ദുരന്തത്തിൽ കാണാതായെന്ന് യൂനിസ് രക്ഷാപ്രവർത്തകരെ അറിയിച്ചു. വീട്ടിൽ വളർത്തുമൃഗങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. റഡാർ സംവിധാനത്തിലൂടെ വീടിന്റെ അടുക്കളഭാഗത്താണ് ജീവന്റെ തുടിപ്പ് കണ്ടെത്തിയത്.
ഒരു ഘട്ടത്തിൽ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് മൃഗങ്ങൾ ആണോയെന്ന് രക്ഷാപ്രവർത്തകർ സംശയം ഉന്നയിച്ചിരുന്നു.
തുടർന്ന് രക്ഷാപ്രവർത്തനം മന്ദഗതിയിൽ ആയെങ്കിലും മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്ന് പരിശോധന ശക്തമാക്കി.
അതേ സമയം ഫ്ളഡ് ലൈറ്റുകൾ ഉൾപ്പെടെ എത്തിച്ച് രാത്രി വൈകിയും തിരച്ചിൽ തുടരണമെന്ന് രക്ഷാദൗത്യം ഏകോപിപ്പിക്കുന്ന മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.