പാലക്കാട് : അഴിമതി ആരോപണ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ സിപിഎം എംഎൽഎയും പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശശിയെ തരംതാഴ്ത്തി.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി.തിരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി.
പി കെ ശശി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന കമ്മിറ്റിക്ക് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് പരാതി പരിശോധിക്കാൻ പുത്തലത്ത് ദിനേശ് ആനാവൂർ നാഗപ്പൻ എന്നിവരെ പാർട്ടി ചുമതലപ്പെടുത്തി. രണ്ടംഗസമിതി നടത്തിയ പരിശോധനയിൽ സാമ്പത്തിക തിരുമറിക്കേസിൽ കഴമ്പുണ്ടെന്നു കണ്ടെത്തി റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചിരുന്നു.
പാർട്ടി സമ്മേളനത്തിന് വേണ്ടി നടത്തിയ പണപ്പിരിവിന്‍റെ കണക്ക് ജില്ല കമ്മറ്റിയിൽ അവതരിപ്പിച്ചില്ല,സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളെ കൊണ്ട് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓഹരികൾ എടുപ്പിച്ചു എന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ശശിക്ക് ആണ് ഏരിയ സെക്രട്ടറിയുടെ താൽക്കാലിക ചുമതല.
നിലവിൽ കെടിഡിസി ചെയർമാനായ പി കെ ശശിയെ തൽസ്ഥാനത്തുനിന്നും മാറ്റുമെന്നാണ് ലഭ്യമായ വിവരങ്ങൾ.