ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ധനസഹായത്തിൽ നിന്ന് ബാങ്ക് അധികൃതർ മാസ അടവ് പിടിച്ചു

വയനാട് : മനസാക്ഷി മരവിച്ച നടപടിയുമായി കൽപ്പറ്റ ഗ്രാമീൺ ബാങ്ക് അധികൃതർ.
വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് സർക്കാർ നൽകിയ നഷ്ടപരിഹാരത്തുകയിൽ നിന്ന് വായ്പാ തിരിച്ചടവ് പിടിച്ചെടുത്തതിനെ തുടർന്നാണ് യുവജന സംഘടനകൾ കൽപ്പറ്റ ബാങ്കിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധമുയർത്തിയത്.
വയനാട് അടക്കമുള്ള ബാങ്കിന്റെ എല്ലാ ശാഖകളിലും ഉപരോധം നടത്തുമെന്ന് യുവജന സംഘടനകൾ അറിയിച്ചു.
ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, മുസ്ലിം ലീഗ്, എ ഐ വൈ എഫ് തുടങ്ങി എല്ലാ യുവജന വിഭാഗങ്ങളും പ്രതിഷേധത്തിൽ പങ്കാളികളായി.
സംസ്ഥാന സർക്കാർ അടിയന്തര സഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപയിൽ നിന്നാണ് ബാങ്ക് അധികൃതർ ലോണിന്റെ മാസ അടവ് തിരിച്ചുപിടിച്ചത്. വീട് വയ്ക്കുന്നതിനും കന്നുകാലികളെ വാങ്ങുന്നതിനുമായി ബാങ്കിൽ നിന്ന് എടുത്ത ലോണിന്റെ മാസയടവാണ് ബാങ്ക് അധികൃതർ പിടിച്ചത്. ദുരന്തത്തിൽ വീടും കന്നുകാലികളും ഉൾപ്പെടെ സർവ്വതും നഷ്ടപ്പെട്ടവരോട് ബാങ്ക് അധികൃതർ കാട്ടിയത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് ദുരന്തബാധിതർ പറഞ്ഞു.