തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം മാധ്യമപ്രവർത്തകർക്ക് ലഭിച്ചു.
“താരങ്ങൾ തിളങ്ങുന്നില്ല തിളക്കം പുറത്തു മാത്രം, സിനിമയിലെ ഗ്ലാമർ പുറം മോടി മാത്ര”മെന്നാണ് റിപ്പോർട്ടിലെ ആദ്യ വരികൾ തന്നെ.
സിനിമാരംഗത്തേക്ക് പ്രവേശിക്കുന്ന നടിമാരെ ലൈംഗിക ചൂഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ചലച്ചിത്ര മേഖലയിൽ നായിക ആകണമെങ്കിൽ നിർമ്മിതാവിനും നായകനും മുറി തുറന്നു കൊടുക്കേണ്ട ഗതിയാണ് നിലവിലുള്ളത്.
നായക നടന്മാരോടും നിർമിതാക്കളോടും സഹകരിക്കുന്ന നായികമാർക്ക് പ്രത്യേക കോഡ് നൽകും. അവർക്കായിരിക്കും അടുത്ത ചിത്രങ്ങളിലും വേഷം ലഭിക്കുക. പരാതിപ്പെടുന്ന സ്ത്രീകൾക്ക് നേരെ വ്യാപക ഓൺലൈൻ ആക്രമണം നടത്തുന്നു.
പോലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാതെ ഒത്തുതീർപ്പിലേക്ക് എത്തിക്കുന്ന അവസ്ഥയാണ്. പ്രാഥമിക കൃത്യത്തിന് പോലും നടിമാർക്ക് മുറികൾ അനുവദിക്കുന്നില്ല.പുതുമുഖ നടിമാർ ഉൾപ്പെടെയുള്ളവർ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാവുന്നു.ക്രിമിനലുകളാണ് സിനിമാലോകം നിയന്ത്രിക്കുന്നത്. മദ്യവും മയക്കുമരുന്നും സിനിമ മേഖലയിൽ ലഭിക്കുന്നുണ്ട്.
അതിജീവിതയായ നടി നേരിടേണ്ടി വന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇതുപോലുള്ള നിരവധി സംഭവങ്ങൾ സിനിമയിൽ നിത്യവും നടക്കുന്നുണ്ട്.
സിനിമയിൽ നിന്ന് ഒഴിവാക്കുമെന്ന ഭീതിയിലാണ് ഇരകൾ പരാതി നൽകാത്തത്. ആർത്തവകാലത്ത് പോലും സ്ത്രീകൾ ലൈംഗിക വേഴ്ചയ്ക്ക് ഇരയാകുന്നു.
ചുംബന രംഗങ്ങളിൽ അഭിനയിച്ച യുവനടിയെ സംവിധായകൻ ബ്ലാക്ക് മെയിൽ ചെയ്ത് ലൈംഗിക വേഴ്ചയ്ക്ക് ഇരയാക്കാൻ ശ്രമിച്ചു. എതിർക്കുന്നവരെ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വരുതിയിലാക്കും.
ഡബ്ല്യുസിസിയിൽ അംഗമായതിനെ തുടർന്ന് നടിമാരെ സിനിമയിൽ നിന്ന് ഒഴിവാക്കി. താര രാജാക്കന്മാരുടെ ഇടപെടലുകൾ കൊണ്ടാണ് നടിമാരെ ഒഴിവാക്കേണ്ടിവന്നത്. ചലച്ചിത്ര നടീ നടന്മാരുടെ സംഘടനയായ അമ്മയ്ക്കെതിരെയുള്ള രൂക്ഷ വിമർശനവും റിപ്പോർട്ടിലുണ്ട്.