അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചു മോഹൻലാൽ.

കൊച്ചി :അമ്മ സംഘടനയിലുള്ള നടന്മാർക്കെതിരെ വന്ന ലൈംഗിക ആരോപണങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മോഹൻലാൽ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവച്ചു.
മോഹൻലാലിനെ കൂടാതെ ജഗദീഷ്, ജയൻ ചേർത്തല, ബാബുരാജ്, ഉണ്ണി മുകുന്ദൻ കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട് ജോയ് മാത്യു സുരേഷ് കൃഷ്ണ,ടിനിടോം, ടോവിനോ തോമസ്, അനന്യ, സരയൂ, അൻസിബ വിനു മോഹൻ, തുടങ്ങിയ അംഗങ്ങളാണ് രാജിവെച്ചത്.

ഈ കഴിഞ്ഞ ജൂലൈ ഒന്നിനാണ് ഭരണ ഭരണസാരഥിത്യം ഏറ്റെടുത്തുകൊണ്ട് അമ്മയുടെ തലപ്പത്തേക്ക് പുതിയ അംഗങ്ങൾ വന്നത്. അടുത്ത മാസം നടക്കുന്ന ജനറൽബോഡിക്ക് ശേഷം പുതിയ കമ്മിറ്റി നിലവിൽ വരുമെന്നാണ് ലഭ്യമായ വിവരം.
എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുന്നതിൽ വിഭിന്നാഭിപ്രായം ഉണ്ടായെങ്കിലും മോഹൻലാൽ രാജിയിൽ ഉറച്ചു നിന്നതോടെയാണ് കൂട്ടരാജിയിലേയ്ക്ക് നീങ്ങിയത്.

ജനറൽ സെക്രട്ടറി സിദ്ദീഖ് രാജിവച്ചതിന് പിന്നാലെ ആ സ്ഥാനത്തേക്ക് പരിഗണിച്ച ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നിരുന്നതും സംഘടനയ്ക്ക് തലവേദന ഉണ്ടാക്കി.ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ അമ്മ സംഘടന പ്രതികരിക്കാൻ വൈകിയതിനെതിരെ സംഘടനയിൽ ഗ്രൂപ്പ് തിരിഞ്ഞ് വാക്ക് തർക്കങ്ങൾ ഉണ്ടായതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം ആരോപണ വിധേയർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ അമ്മ സംഘടനയിലെ നേതാക്കൾ ധാർമികതയുടെ പേര് പറഞ്ഞ് രാജിവെച്ചത് ധാർമികതയുടെ പാതയല്ലെന്ന് സംവിധായകൻ വിനയൻ പറഞ്ഞു.