തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ആശുപത്രിയിൽ പോകാൻ തയ്യാറാകാതെ പ്രതിഷേധം തുടരുകയാണ്. ലാത്തി ചാർജിന് നേതൃത്വം നൽകിയ എസ് ഐ യെ സംഭവസ്ഥലത്തുനിന്ന് മാറ്റാതെ ആശുപത്രിയിൽ പോകാൻ തയ്യാറാകില്ലന്നാണ് അബിൻ വർക്കിയുടെ നിലപാട്. ഡിവൈഎഫ്ഐയുടെ ഉറ്റ മിത്രവും എഡിജിപി അജിത് കുമാറിന്റെ കയ്യാളുമായ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മർദ്ദനം അടിച്ചു വിട്ടതെന്നും അബിൻ വർക്കി പറഞ്ഞു. തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനും ലാത്തിചർജിൽ കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റു. ലാത്തിക്ക് പകരം മറ്റ് ആയുധങ്ങൾ ഉപയോഗിച്ചാണ് അക്രമിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളുടെ പേരുകൾ ചോദിച്ചാണ് പോലീസ് ആക്രമിച്ചതെന്ന് ജില്ലാ പ്രസിഡന്റ് ഷജീർ പറഞ്ഞു.