പി ശശിക്ക് സ്ഥാന ചലനമില്ല ; സംസ്ഥാന സെക്രട്ടേറിയേറ്റ് കഴിഞ്ഞു.

എഡിജിപി അജിത് കുമാറിനും പി ശശിക്കും സ്ഥാനചലമില്ല, ഇരുവരെയും ചേർത്തുപിടിച്ച് പാർട്ടി നേതൃത്വം.

തിരുവനന്തപുരം : ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ കുറ്റക്കാർക്കെതിരെ പോലീസ് കർശന നടപടിയെടുത്തെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
സിപിഎം സഹയാത്രികനും നിയമസമാജികനുമായ പി വി അൻവറിന്റെ പരാതി സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുകയും ഇന്നത്തെ സെക്രട്ടറിയേറ്റ് അത് പരിശോധിക്കുകയും ആരോപണ വിധേയന്മാരിൽ ഒരാളായ മുൻ പത്തനംതിട്ട എസ് പി സുജിത് ദാസിനെ ഡിജിപിയുടെ റിപ്പോർട്ടിന്മേൽ ആഭ്യന്തര വകുപ്പ് കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരെ കുറിച്ച് പി വി അൻവർ ഉന്നയിച്ച പരാതികൾ അന്വേഷിക്കാൻ സുശക്തമായ ഒരു ടീമിനെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഡിജിപി നേതൃത്വം നൽകുന്ന ഒരു സമിതിയാണ് അൻവറിന്റെ പരാതികൾ അന്വേഷിക്കുക. ഇതിന്റെ പേരിൽ കോൺഗ്രസ് നടത്തിവരുന്ന അക്രമങ്ങൾ ഒരുവിധത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പി വി അൻവർ സംസ്ഥാന കമ്മിറ്റിക്ക് നൽകിയ പരാതി പാർട്ടി അന്വേഷിക്കേണ്ട ആവശ്യമില്ല. സർക്കാർ പഴുതടച്ചുള്ള അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പി ശശിക്കെതിരെ അൻവർ പാർട്ടിക്ക് പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപി വിജയിച്ചതിന് പിന്നിൽ സിപിഎം ആണെന്ന അവാസ്തവകരമായ പ്രസ്താവനയുടെ ഉറവിടം എവിടെ നിന്ന് വന്നതാണെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് കോൺഗ്രസുകാർക്ക് വ്യക്തമായി അറിയാമെന്നും, ബിജെപിയോട് സന്ധി ചെയ്യേണ്ട ആവശ്യം ഇടതുപക്ഷത്തിന് ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.