തൃശ്ശൂർ: പൂരം റിപ്പോർട്ട് എഡിജിപി
എം.ആർ അജിത് കുമാർ സർക്കാരിന് കൈമാറി . പൂരം അട്ടിമറിക്കാൻ തിരുവമ്പാടി ദേവസ്വത്തിലെ ചിലർ ശ്രമിച്ചെന്ന് എഡിജിപി അജിത് കുമാറിന്റെ റിപ്പോർട്ടിൽ.
പാറമേക്കാവ് പൂരം നടത്തിപ്പിന് പൂർണ്ണ പിന്തുണ നൽകിയപ്പോൾ തിരുവമ്പാടി ദേവസ്വം ബോർഡ് പിന്തുണ നൽകിയിരുന്നില്ലന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം റിപ്പോർട്ട് തള്ളി തിരുവമ്പാടി ദേവസ്വം ബോർഡ് രംഗത്തെത്തി. പൂരം അലങ്കോലപ്പെടാൻ ഉണ്ടായ സാഹചര്യം അന്ന് ഇവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അറിയാമെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ് സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു.
തിരുവമ്പാടിയിൽ നിന്നെത്തിയ പൂര പ്രേമികളെയും കമ്മറ്റി അംഗങ്ങളെയും പൂരനഗരിയിലേക്ക് കടത്തിവിടാതിരിക്കാൻ തൃശ്ശൂർ കമ്മീഷണർ ആയിരുന്ന അങ്കിത് അശോക് ശ്രമിച്ചു. തുടർന്ന് നടത്തിയ ചർച്ചയ്ക്കുശേഷം ആനകളെ മാത്രം കടത്തിവിട്ടു. ഇതിൽ പ്രതിഷേധിച്ച് പൂരത്തിൽ നിന്ന് വിട്ടുനിൽക്കാൻ കൂട്ടായ തീരുമാനമെടുക്കുകയാണ് ഉണ്ടായതെന്നും ഗിരീഷ് കുമാർ പറഞ്ഞു.
വിവിധ രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്ന അംഗങ്ങൾ ഉൾപ്പെട്ടതാണ് തിരുവമ്പാടി ദേവസ്വം കമ്മിറ്റിയെന്നും അദ്ദേഹം പറഞ്ഞു.