ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പൻ അന്തരിച്ചു.

കണ്ണൂർ : കൂത്തുപറമ്പ് ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ (56)അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

കൂത്തുപറമ്പില്‍ 1994 നവംബര്‍ 25ന് നടന്ന ഡിവൈഎഫ്ഐ സമരത്തിന് നേരെയുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ സുഷുമ്‌നനാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായതാണ് സഖാവ് പുഷ്പന്‍.
ഡിവൈഎഫ്ഐ പ്രാദേശിക നേതാവായിരുന്ന പുഷ്പൻ സ്വാശ്രയ കോളേജുകൾക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കവെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എം വി രാഘവന്റെ വാഹനം തടയാൻ ശ്രമിക്കുന്നതിനിടയായിരുന്നു പോലീസിന്റെ വെടിയേറ്റ് കിടപ്പിലായത്.
പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്‍. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത, ജാനു, പ്രകാശന്‍.