തിരുവനന്തപുരം : ഇന്റലിജൻസ് എ.ഡി.ജി.പി പി.വിജയനെതിരെ ഗുരുതര ആരോപണവുമായി അജിത് കുമാർ ഐ.പി.എസ്. ഡി.ജി.പിക്ക് നൽകിയ മൊഴിയിലാണ് പി.വിജയനെതിരെ ഗുരുതര ആരോപണമുള്ളത്.
സ്വർണ്ണക്കടത്ത് സംഘാംഗങ്ങളുമായി പി.വിജയന് നേരിട്ട് ബന്ധമുള്ളതായി
മുൻ പത്തനംതിട്ട എസ്.പി എസ്.സുജിത്ത് ദാസ് തന്നോട് പറഞ്ഞിരുന്നു. ഈ വിവരം അറിഞ്ഞതിനുശേഷമാണ് സ്വർണ്ണക്കടത്തുകാർക്കെതിരെ കർശന നടപടികൾ തന്റെ നേതൃത്വത്തിൽ ഉണ്ടായതെന്നും മൊഴിയിൽ പറയുന്നു .
നിലവിൽ ഇന്റലിജൻസ് എ.ഡി.ജി.പി. യായ പി.വിജയൻ മുൻപ് ഭീകരവിരുദ്ധ സ്കോഡിന്റെ തലവനായിരുന്നു. ഈ കാലയളവിലായിരുന്നു സ്വർണ്ണ കടത്തുകാരുമായി ബന്ധം സ്ഥാപിച്ചത്. വിജയനെ കൂടാതെ ഭീകരവിരുദ്ധ കോഡിലെ മറ്റു ചില അംഗങ്ങൾക്കും ഇവരുമായി ബന്ധമുണ്ടെന്നും അജിത്തിന്റെ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.
സ്വർണ്ണക്കടത്ത് ബന്ധം,പൂരം കലക്കൽ വിവാദം, ആർഎസ്എസ് ബന്ധം തുടങ്ങി
നിരവധി ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ മാറ്റിയിരുന്നു. തുടർന്ന് ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിക്കപ്പെട്ടിരുന്നു.തുടർന്നാണ് പി. വിജയൻ ഇന്റലിജൻസ് വിഭാഗം മേധാവിയാകുന്നത്.