ഉപതിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

തർക്കവും പരാതിയും ഇല്ലാതെ കോൺഗ്രസ് ആദ്യമായി തുടക്കത്തിൽ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

കണ്ണൂർ : സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്.
വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി,പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കരയിൽ രമ്യ ഹരിദാസ് എന്നിവരാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ.

സിറ്റിംഗ് മണ്ഡലമായ വയനാട്ടിൽ സഹോദരനായ രാഹുൽ ഗാന്ധി രാജിവച്ച സീറ്റിലാണ് പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലും ഉത്തർപ്രദേശിലെ റായിബറേലിയിലും രാഹുൽ ഗാന്ധി മത്സരിച്ചിരുന്നു.രണ്ടിടത്തും വിജയിച്ചതിനെത്തുടർന്ന് വയനാട്ടിലെ എം.പി സ്ഥാനം രാജിവെക്കുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഷാഫി പറമ്പിൽ രാജിവെച്ച സിറ്റിംഗ് മണ്ഡലമായ പാലക്കാടാണ് രാഹുൽ മാങ്കൂട്ടത്തിൽ കന്നിയങ്കത്തിന് ഇറങ്ങുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ് രാഹുൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആയി പ്രവർത്തിക്കവേ പാലക്കാടിന്റെ ചുമതല വഹിച്ചിരുന്നു. ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചതും രാഹുൽ മാങ്കൂട്ടമായിരുന്നു. അതേസമയം ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട് 3700 ഓളം വോട്ടിനാണ് കഴിഞ്ഞതവണ ഷാഫി പറമ്പിൽ വിജയിച്ചത്.

എന്നാൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ചേലക്കരയിൽ മുൻ എം.പി രമ്യ ഹരിദാസ് ആണ് മത്സരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മുൻ മന്ത്രി കെ. രാധാകൃഷ്ണൻ രാജിവച്ചതോടെയാണ് മണ്ഡലം ഉപതിരഞ്ഞെടുപ്പിനു വേദിയാവുന്നത്. രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം. 2019 ൽ ചേലക്കരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു വിജയിച്ചെങ്കിലും 2024 ൽ സിപിഎം ലെ കെ രാധാകൃഷ്ണനോട് പരാജയപ്പെട്ടിരുന്നു.