പാലക്കാട് : കെ.മുരളീധരനെ പാലക്കാട്ട് മത്സരിപ്പിക്കണമെന്ന ഡിസിസിയുടെ കത്ത് പുറത്തുവന്നത് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. കത്ത് പുറത്ത് വന്നത് അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ കെ സുധാകരനെ തള്ളിക്കൊണ്ടാണ് ഡിസിസി പ്രസിഡന്റ് തങ്കപ്പൻ രംഗത്ത് എത്തിയത്.
സ്ഥാനാർത്ഥികളെ നിർദേശിക്കുന്നത് കീഴ്വഴക്കമാണെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ ജില്ലാ കമ്മിറ്റികളും ചെയ്യുന്ന നടപടിക്രമങ്ങൾ മാത്രമാണ് പാലക്കാട് ജില്ലാ കമ്മിറ്റി ചെയ്തതെന്നും ജില്ല പ്രസിഡന്റ് തങ്കപ്പൻ പറഞ്ഞു.
കഴിഞ്ഞദിവസമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരനെ മത്സരിപ്പിക്കാൻ താല്പര്യപ്പെടുന്ന ഡിസിസിയുടെ കത്ത് പുറത്തുവന്നത്. ഇത് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.
രാഹുൽ മാങ്കൂട്ടത്തിനെ സ്ഥാനാർത്ഥിയാക്കിയത് വി ഡി സതീശനും ഷാഫി പറമ്പിലും ചേർന്നാണെന്നും ജില്ലാ കമ്മിറ്റിയുമായി കൂടി ആലോചിക്കാതെയാണ് സ്ഥാനാർത്ഥിയെ നിർണയിച്ചതെന്നും ഡോക്ടർ സരിൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. ജില്ലാ കമ്മിറ്റിക്ക് താൽപര്യം മറ്റൊരു നേതാവിനെ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോൺഗ്രസ് വിട്ട് സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായ ഡോക്ടർ സരിൺ പറഞ്ഞത് ശരിയാകുന്ന തരത്തിലായിരുന്നു കത്തിന്റെ ഉള്ളടക്കം.